International
റോം: വേദപാരംഗതനായ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന വടക്കൻ ഇറ്റലിയിലെ പാവിയയിലുള്ള സെന്റ് പീറ്റർ ബസിലിക്കയില്‍ ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശനം നടത്തി.
722 മുതൽ വിശുദ്ധ അഗസ്റ്റിന്റെ ഭൗതികദേഹം സൂക്ഷിച്ചിരിക്കുന്ന പള്ളിയാണിത്. 504ൽ അൾജീരിയയിലെ ഹിപ്പോയിൽനിന്ന് ഇറ്റലിയിലെ സാർഡീനിയയിലെ കാലിയാരിയിലേക്കു കൊണ്ടുവന്ന ഭൗതികദേഹം പിന്നീട് പാവിയ ബസിലിക്കയിൽ അടക്കം ചെയ്യുകയായിരുന്നു.
ബസിലിക്കയിലെത്തിയ മാർപാപ്പയെ അഗസ്റ്റീനിയൻ സന്യാസസമൂഹം പ്രിയോർ ജനറൽ ഫാ. ജോസഫ് എൽ. ഫാരെൽ, പ്രൊവിൻഷ്യൽ ഫാ. ഗബ്രിയേൽ പെദിചിനോ എന്നിവർ സ്വീകരിച്ചു. വത്തിക്കാനിൽനിന്നു ഹെലികോപ്റ്ററിലെത്തിയ മാർപാപ്പ ആദ്യം ഇവിടത്തെ കാൻസർ ആശുപത്രിയിൽ രോഗികളെ സന്ദർശിച്ചശേഷമാണു ബസിലിക്കയിലെത്തിയത്.
വിശുദ്ധ അഗസ്റ്റിന്റെ കബറിടത്തിനുമുന്നിൽ പ്രാർഥിച്ച മാർപാപ്പ തുടർന്ന് പള്ളിക്കുള്ളിൽ ബിഷപ്പുമാർ, അഗസ്റ്റീനിയൻ സന്യാസിമാർ, വൈദികർ, വൈദികവിദ്യാർഥികൾ, വിശ്വാസികളുടെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സാന്റ് ആഞ്ചെലോ ലൊജിജിയാനോയിലെ സെന്റ് ആന്റണി ആബട്ട് ആൻഡ് സെന്റ് ഫ്രഞ്ചെസ്ക കാബ്രിനി ഇടവകപ്പള്ളിയും മാർപാപ്പ സന്ദർശിച്ചു.
അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ എന്നനിലയിൽ പാവിയ ബസിലിക്ക സന്ദർശിച്ചിട്ടുണ്ടെങ്കിലും സാർവത്രികസഭയുടെ അധ്യക്ഷന്‍ എന്നനിലയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
International
വത്തിക്കാൻ സിറ്റി: യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ ലെയോ പതിനാലാമൻ മാർപാപ്പ സ്വാഗതം ചെയ്തു.
പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നു പ്രത്യാശ പ്രകടിപ്പിച്ച മാർപാപ്പ, യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും ഇതിനായി പ്രാർഥിക്കാനും ആഹ്വാനം ചെയ്തു.
ഇറാനും യുഎസും ചർച്ചകളുടെയും സഹകരണത്തിന്റെയും പാതയിൽ തുടരണമെന്നും ഇന്നലെ നടന്ന പ്രതിവാര പൊതുസദസിൽ സംസാരിക്കവേ മാർപാപ്പ അഭ്യർഥിച്ചു.
“ക്ഷമയോടെയുള്ള ചർച്ചകളുടെയും നയതന്ത്രനീക്കങ്ങളുടെയും ഫലമായി ഇറാനും യുഎസും തമ്മിൽ വെള്ളിയാഴ്ച ഒപ്പുവയ്ക്കാനിരിക്കുന്ന കരാറിലെത്തിയതിനെ ഞാൻ സംതൃപ്തിയോടെ സ്വാഗതം ചെയ്യുന്നു.
ഈ കരാർ പരസ്പരവിശ്വാസവും സുരക്ഷയും പശ്ചിമേഷ്യയിലെ സ്ഥിരതയും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ജനങ്ങൾക്കിടയിൽ ചർച്ചകളുടെയും സഹകരണത്തിന്റെയും വഴികൾ പ്രോത്സാഹിപ്പിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു’’മാർപാപ്പ പറഞ്ഞു.
സമാധാനചർച്ചകൾക്കായി മധ്യസ്ഥത വഹിക്കുകയും സൗകര്യമൊരുക്കാൻ പ്രയത്നിക്കുകയും ചെയ്ത മൂന്നാം കക്ഷി രാജ്യങ്ങൾക്ക് മാർപാപ്പ നന്ദി അറിയിച്ചു.
International
വത്തിക്കാൻ സിറ്റി: പരിസ്ഥിതിസംരക്ഷണത്തിന് വിശ്വാസവും പ്രത്യാശയും സ്നേഹവും പ്രധാനപ്പെട്ട ഘടകങ്ങളാണെന്നു ലെയോ പതിനാലാമൻ മാർപാപ്പ. ഈ പ്രതിസന്ധി സാമൂഹികവും നൈതികവും സാമ്പത്തികവുമായ തലങ്ങളെ സ്പർശിക്കുന്ന ഒന്നാണെന്നും പരിസ്ഥിതിയെ സംബന്ധിച്ചു വിയന്നയിൽ നടക്കുന്ന പത്താമത് ഓസ്ട്രിയൻ ലോക ഉച്ചകോടിയിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്ത് അയച്ച വീഡിയോ സന്ദേശത്തിൽ മാർപാപ്പ വ്യക്തമാക്കി.
പാരിസ്ഥിതികവിഷയം ധാർമികമായ ഒരു വിഷയമാണെന്ന് സഭ എപ്പോഴും ഉയർത്തിക്കാട്ടിയിട്ടുണ്ടെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക പ്രതിസന്ധി ഒരു ഒറ്റപ്പെട്ട പ്രശ്നമല്ല; മറിച്ച്, സമകാലിക സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയുടെ പാരിസ്ഥിതികവശമാണ്. ചിലരെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ചോദ്യങ്ങളിൽ വിശ്വാസത്തിനു കാര്യമായ സംഭാവനകൾ ഇല്ലെന്നു തോന്നുമെങ്കിലും ഈ പ്രശ്നത്തെ അഭിമുഖീകരിക്കുവാൻ മതങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ് മാർപാപ്പ പറഞ്ഞു
ലോകം ദൈവം സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കുന്നവർ സൃഷ്ടിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. ഇത് വിശ്വാസത്തിന്റെ ഒരു ആവശ്യകതയാണ്. പല പാരമ്പര്യങ്ങളിലെയും വിശ്വാസികൾ ‘സൃഷ്ടി’ ഒരു ദൈവികദാനമായി മനസിലാക്കുന്നതും അതുപോലെ ജീവിതം പവിത്രമാണെന്നും അതിനാൽ ബഹുമാനിക്കപ്പെടേണ്ടതാണെന്നു പഠിപ്പിക്കുന്നതും പരിസ്ഥിതിസംരക്ഷണത്തിന് വിശ്വാസത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നു- മാർപാപ്പ പറഞ്ഞു.
ഇന്നത്തെ ആഗോള പ്രതിസന്ധികൾ മനുഷ്യകുലത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സൃഷ്ടിയോടുള്ള ബഹുമാനമില്ലായ്മ, പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവ സമാധാനത്തിന് ഭീഷണി ഉയർത്തിയിട്ടുണ്ട്.
ഈ വെല്ലുവിളികൾക്കു ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും മാർപാപ്പ എടുത്തുപറഞ്ഞു.
International
റോം: യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റോമിലെ ആസ്ഥാനം ഈമാസം 22ന് ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിക്കും.
സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ക്ഷണപ്രകാരമാണു സന്ദർശനം.
സന്ദർശനവേളയിൽ എക്സിക്യൂട്ടീവ് ബോർഡിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവരുമായും സംഘടനയിലെ ജീവനക്കാരുമായും അവരുടെ കുടുംബാംഗങ്ങളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.
International
വത്തിക്കാൻ സിറ്റി: സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്, യുകെ കണ്‍വൻഷനിൽ സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന സഭാ പ്രതിനിധികളും സഭയുടെ തലവനായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും മറ്റു സഭാധ്യക്ഷന്മാരുമായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്നലെ കൂടിക്കാഴ്ച നടത്തി.
സഭയുടെ പാരന്പര്യത്തെയും ആരാധനക്രമ സന്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് മാർപാപ്പ സന്ദേശം പങ്കുവച്ചു.ഇന്നലെ 67-ാം പിറന്നാൾ ആഘോഷിച്ച കർദിനാളിനു മാർപാപ്പ ആശംസകൾ നേർന്നു. ഒപ്പം മെത്രാഭിഷേകത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആശംസകളും നേർന്നു.
യൂറോപ്പിൽ താമസിക്കുന്ന സീറോ മലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്താത്തിയോസിനും മാർപാപ്പാ ആശംസകൾ അർപ്പിച്ചു.
1932 ജൂണ്‍ 11 ന് പതിനൊന്നാം പീയൂസ് മാർപാപ്പാ സീറോ മലങ്കര സഭാ ഹയരാർക്കി സ്ഥാപിച്ചുകൊണ്ടു പ്രസിദ്ധീകരിച്ച ’ക്രിസ്തോ പാസ്തോറും’ എന്ന അപ്പസ്തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് മാർപാപ്പ ചൂണ്ടിക്കാട്ടി.
അതിനാൽ സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാൻ നിരവധി വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച ധന്യൻ മാർ ഈവാനിയോസ്, മാർ തെയോഫിലസ് എന്നിവരെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാമെന്നും മാർപാപ്പാ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സെപ്റ്റംബർ 25 മുതൽ 28 വരെ ഫ്രാൻസ് സന്ദർശിക്കും.
25ന് പാരീസിലെത്തുന്ന മാർപാപ്പ അന്നു വൈകുന്നേരം നൊത്ര് ദാം കത്തീഡ്രലിൽ നടക്കുന്ന സായാഹ്നപ്രാർഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് യുവാക്കളുമായും വൈദികരുമായും കൂടിക്കാഴ്ച നടത്തും.
26ന് പാരീസിലെ തുറന്ന വേദിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പാരീസിലെ യുനെസ്കോ ആസ്ഥാനം സന്ദർശിക്കുന്ന മാർപാപ്പ യുഎൻ സാംസ്കാരിക ഏജൻസി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.
27ന് മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിൽ എത്തുന്ന മാർപാപ്പ അവിടെ വിശുദ്ധ കുർബാന അർപ്പിക്കും. 28ന് തെക്കുകിഴക്കൻ നഗരമായ മെറ്റ്സ് സന്ദർശിക്കുന്ന മാർപാപ്പ അവിടത്തെ കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
പ്രസിഡന്റ് എമ്മാനുവൽ മക്രോണിന്റെ ആവർത്തിച്ചുള്ള ക്ഷണപ്രകാരമാണ് മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനം.
International
വത്തിക്കാൻ സിറ്റി: തന്റെ അപ്പസ്തോലിക സന്ദർശനവേളയിൽ സ്പെയിനിലെ ജനങ്ങൾ നൽകിയ സ്വീകരണത്തിന് വീണ്ടും നന്ദി പറഞ്ഞ് ലെയോ പതിനാലാമൻ മാർപാപ്പ.
“വളരെ ആവേശത്തോടും ഭക്തിയോടുംകൂടി എന്നെ സ്വീകരിച്ച സ്പാനിഷ് ജനതയ്ക്ക് നന്ദി പറയുന്നു. മാഡ്രിഡിൽ എന്നെ സ്വീകരിക്കുകയും സന്ദർശനത്തിന്റെ അവസാനദിവസം കാനറി ദ്വീപുകളിൽ വച്ച് യാത്രയയപ്പ് നൽകുകയും ചെയ്ത ബഹുമാനപ്പെട്ട രാജാവിനോട് ഞാൻ പ്രത്യേകം കടപ്പെട്ടിരിക്കുന്നു.
സന്ദർശനത്തിനായി ഒരുക്കങ്ങൾ നടത്തിയ എല്ലാവരോടും സ്വീകരിക്കാൻ വിശ്വാസികളെ നയിച്ച സ്പെയിനിലെ മെത്രാന്മാരോടും ഞാൻ സന്ദർശിച്ച എല്ലാ സമൂഹങ്ങൾക്കും സ്പെയിനിലെ കത്തോലിക്കാസഭയ്ക്കും ഞാൻ സ്നേഹപൂർവം നന്ദി അറിയിക്കുന്നു.
ദൈവം സ്പെയിനിനെ എപ്പോഴും അനുഗ്രഹിക്കട്ടെ’’-ഇന്നലെ ത്രിസന്ധ്യാ പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തീർഥാടകരെ അഭിസംബോധന ചെയ്യവെ മാർപാപ്പ പറഞ്ഞു.
സ്പെയിനിലായിരിക്കെയും തനിക്കു നൽകിയ സ്വീകരണത്തിൽ മാർപാപ്പ നന്ദി പറഞ്ഞിരുന്നു.
International
വത്തിക്കാൻ സിറ്റി: ഏഴു ദിവസത്തെ സ്പെയിൻ സന്ദർശനത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പ റോമിലേക്കു മടങ്ങിയത് സ്പെയിനിലെ ഫിലിപ്പ് രാജാവിന്റെ സ്വകാര്യ വിമാനമായ ഫാൽക്കൺ 900 ബി ജെറ്റിൽ.
സ്പാനിഷ് വിമാനക്കന്പനിയായ ഐബേരിയയുടെ എയർബസ് എ320 വിമാനത്തിലാണു മാർപാപ്പയും സംഘവും മടങ്ങേണ്ടിയിരുന്നത്. കാനറി ദ്വീപിന്റെ തലസ്ഥാനമായ ടെനെറിഫെയിലെ ലോസ് റൊദിയോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു വെള്ളിയാഴ്ച വൈകുന്നേരം നാലിനായിരുന്നു മടക്കയാത്ര നിശ്ചയിച്ചിരുന്നത്. മാർപാപ്പയെ യാത്രയയയ്ക്കാനായി ഫിലിപ്പ് രാജാവും സർക്കാർ പ്രതിനിധികളും എത്തിയിരുന്നു.
ഔദ്യോഗിക യാത്രയയപ്പ് ചടങ്ങുകളെല്ലാം പൂർത്തിയാക്കി മാർപാപ്പയും സംഘവും വിമാനത്തിനുള്ളിലേക്ക് കയറുകയും ചെയ്തു. ഇതിനിടയിലാണ് എൻജിനുകളിലൊന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്.
പെട്ടെന്നു പരിഹരിക്കാവുന്ന തകരാറല്ലെന്നു സാങ്കേതികവിദഗ്ധർ അറിയിച്ചതോടെ വിവരം പൈലറ്റ് പരസ്യമായി അറിയിച്ചു. സാങ്കേതിക തകരാർ കണ്ടെത്തിയെന്നും വിമാനത്തിനു പറന്നുയരാനാകില്ലെന്നും പൈലറ്റ് അറിയിച്ചു.
പിന്നാലെ ബോർഡിംഗ് സ്റ്റെയേഴ്സ് എത്തിക്കുകയും ഫിലിപ്പ് രാജാവ് വിമാനത്തിനുള്ളിലെത്തി മാർപാപ്പയെയും സംഘത്തെയും വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന രാജാവിന്റെ സ്വകാര്യ വിമാനം ഇതിനോടകം മാർപാപ്പയ്ക്കായി സജ്ജമാക്കിയിരുന്നു.
മാർപാപ്പയ്ക്കൊപ്പം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനടക്കം രണ്ടു കർദിനാൾമാരും രണ്ടു ബിഷപ്പുമാരും മാർപാപ്പയുടെ രണ്ട് പേഴ്സണൽ സെക്രട്ടറിമാരുമാണ് ഈ വിമാനത്തിൽ യാത്ര പുറപ്പെട്ടത്.
വത്തിക്കാൻ ജീവനക്കാർക്കും 80 അംഗ മാധ്യമസംഘത്തിനുമായി ഐബേരിയയുടെ മറ്റൊരു വിമാനം മാഡ്രിഡിൽനിന്ന് എത്തിച്ചു. നിശ്ചയിച്ചതിലും രണ്ടു മണിക്കൂർ വൈകി വൈകുന്നേരം ആറിന് പുറപ്പെട്ട മാർപാപ്പയെയും വഹിച്ചുള്ള വിമാനം രാത്രി 11ഓടെ റോമിലെത്തി.
International
മാഡ്രിസ്:ഒരു മനുഷ്യനും ഒറ്റപ്പെട്ട ദ്വീപല്ലെന്നും ക്രിസ്തീയജീവിതം എന്നത് മറ്റുള്ളവരിലേക്കും ദൈവത്തിലേക്കുമുള്ള നിരന്തരമായ ഒരു പ്രയാണമാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഏഴു ദിവസം നീണ്ട സ്പെയിൻ സന്ദർശനത്തിനു സമാപനം കുറിച്ച് കാനറി ദ്വീപിലെ മാഡ്രിസ് ടെനറിഫ് നഗരത്തിലുള്ള സാന്താക്രൂസ് ഡി ടെനറിഫ് തുറമുഖത്ത് വിശുദ്ധ കുർബാനയർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ക്രിസ്തുവിന്റെ ഹൃദയത്തിലെ സ്നേഹക്കടൽ കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കണം. എല്ലാവരുടെയും സന്തോഷങ്ങളും പ്രത്യാശകളും സങ്കടങ്ങളും ആശങ്കകളും പ്രതിധ്വനിക്കുന്ന ഒരിടമാണു യേശുവിന്റെ തിരുഹൃദയം. അവിടേക്കു നോക്കാൻ നമുക്കാകണം.
ഭൗതികവാദം, ലാഭക്കൊതി എന്നിവയാൽ വിഴുങ്ങപ്പെട്ട ഒരു സമൂഹത്തിന്റെ കെണികളെക്കുറിച്ച് മാർപാപ്പ മുന്നറിയിപ്പ് നൽകി. ഇവ വ്യക്തികളെ ഫലശൂന്യമായ ഒരു ചലനാത്മകതയിൽ തളച്ചിടാൻ ഇടയാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേവലം കച്ചവടത്തിനപ്പുറം ലാളിത്യവും മനുഷ്യബന്ധങ്ങളുടെ മൂല്യവും വീണ്ടെടുക്കാൻ ടൂറിസംകേന്ദ്രംകൂടിയായ പ്രദേശത്തെ ജനങ്ങളോടും സന്ദർശകരോടും മാർപാപ്പ അഭ്യർഥിച്ചു.
അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്നെത്തുന്ന കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ഒരു പ്രധാന ഇടത്താവളമാണു കാനറി ദ്വീപുകൾ എന്ന കാര്യം ഓർമിപ്പിച്ച മാർപാപ്പ, മനുഷ്യക്കടത്തുകാരുടെ ചൂഷണം ഉൾപ്പെടെ കുടിയേറ്റക്കാർ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി. അവർക്കു ഭൗതികസഹായം മാത്രമല്ല യഥാർഥ സാഹോദര്യംകൂടിയാണു നൽകേണ്ടത്.
കാനറി ദ്വീപുകളിലെ ജനങ്ങൾ നൽകിയ സ്വീകരണത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ മാർപാപ്പ, എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ സഭാവിശ്വാസികളോട് അഭ്യർഥിച്ചു. സ്പെയിനിലെ വലിയ കത്തോലിക്കാസമൂഹം ചൊരിഞ്ഞ സ്നേഹവായ്പിനാലും സഭയോടുള്ള ഈ സമൂഹത്തിന്റെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷ്യങ്ങളാലും ഏറെ നന്ദിയോടെയാണു താൻ റോമിലേക്കു മടങ്ങുന്നതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
നേരത്തേ ടെനറിഫിലുള്ള ‘ലാസ് റൈസസ്’സെന്ററിലെ കുടിയേറ്റക്കാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. കുടിയേറ്റക്കാരെ താൻ ഹൃദയത്തിൽ വഹിക്കുന്നുണ്ടെന്നും തന്റെ പ്രാർഥനകളിൽ അവരെ ഓർക്കുമെന്നും മാർപാപ്പ പറഞ്ഞു. ഏഴുദിവസത്തെ സ്പെയിൻ സന്ദർശനം പൂർത്തിയാക്കി ഇന്നലെ വൈകുന്നേരം ആറോടെ മാർപാപ്പ റോമിലേക്കു മടങ്ങി.
International
ബാഴ്സലോണ: അഭയാര്‍ഥികളുടെ ദുരിതങ്ങള്ക്കുനേരേ ലോകം കണ്ണടയ്ക്കരുതെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. മനുഷ്യന്റെ അന്തസിന് പാസ്പോര്‍ട്ടില്ലെന്നും അതിര്‍ത്തികള്‍ കടക്കുമ്പോള്‍ അതിന്റെ മൂല്യം നഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
യൂറോപ്പിലെ കുടിയേറ്റത്തിന്റെ ഏറ്റവും ഹൃദയഭേദകമായ പ്രതീകങ്ങളിലൊന്നായി മാറിയ സ്പെയിനിലെ ഗ്രാന്‍ഡ് കാനറി ദ്വീപുകളുടെ തെക്കന്‍ തീരത്തുള്ള ആര്ഗ്വിനെഗ്വിന് തുറമുഖത്ത് അഭയാര്‍ഥികളുമായും അവരെ രക്ഷപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുന്ന സംഘടനാപ്രവര്‍ത്തകരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
നിയമപരവും സുരക്ഷിതവുമായ കുടിയേറ്റ പാതകള്‍ വേണമെന്ന് ആവശ്യപ്പെട്ട മാര്‍പാപ്പ, മനുഷ്യക്കടത്തിനെയും ചൂഷണത്തെയും അപലപിച്ചു.
കുടിയേറ്റ നയം മനുഷ്യന്റെ അന്തസിനോടുള്ള ആദരവില്‍ അധിഷ്ഠിതമായിരിക്കണം. നിയമപരവും സുരക്ഷിതവുമായ പാതകള്‍ വേണം. മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് ഫലപ്രദമായ സംരക്ഷണം നല്‍കണം. കള്ളക്കടത്തുകാര്‍ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ സഹകരണം ഉറപ്പാക്കണം. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനും സമൂഹത്തില്‍ ഉള്‍ക്കൊള്ളുന്നതിനും അര്‍ഥവത്തായ നടപടികള്‍ ഉണ്ടാകണം- മാര്‍പാപ്പ ആവശ്യപ്പെട്ടു.
അഭയം തേടി കടലിലൂടെ സഞ്ചരിക്കുന്നതിനിടെ മരിച്ചവരുടെ സ്മരണയ്ക്കായി പുഷ്പാര്‍ച്ചനയും ഒരു മിനിറ്റ് മൗനാചരണവും നടത്തിക്കൊണ്ടാണ് ചടങ്ങ് സമാപിച്ചത്.
കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച 2020ല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ വന്നെത്തിയതിനെത്തുടര്ന്ന് ‘നാണക്കേടിന്റെ തുറമുഖം’ എന്നു വിളിക്കപ്പെട്ട സ്ഥലത്താണ് കൂടിക്കാഴ്ച നടന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ദാരിദ്ര്യം, സംഘര്‍ഷങ്ങള്‍, ചൂഷണം എന്നിവയില്‍നിന്നു രക്ഷതേടി പലായനം ചെയ്യുന്ന പലര്‍ക്കും കാനറി ദ്വീപുകളാണ് യൂറോപ്പിലേക്കുള്ള ഏറ്റവും അടുത്തുള്ള പ്രവേശന കവാടം.
ഗ്രാന്‍ഡ് കാനറി ദ്വീപുകളുടെ തലസ്ഥാനമായ ലാസ് പാല്‍മാസ് ഡി ഗ്രാന്‍ കാനറിയിലെ സെന്റ് ആന്‍സ് കത്തീഡ്രലില്‍ മെത്രാന്മാര്, വൈദികര്‍, സന്യസ്തര്‍, വൈദിക വിദ്യാര്‍ഥികള്‍ എന്നിവരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഏഴു ദിവസത്തെ സ്പെയിന് സന്ദര്‍ശനത്തിനുശേഷം മാര്‍പാപ്പ ഇന്ന് വത്തിക്കാനിലേക്ക് മടങ്ങും.
International
ബാഴ്സലോണ: ക്രിസ്തുവിന്റെ നാമം ഏറ്റുപറഞ്ഞ് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. യേശുക്രിസ്തുവിലുള്ള യഥാർഥ വിശ്വാസം അക്രമവുമായി ഒരിക്കലും ഇണങ്ങില്ലെന്നും മാർപാപ്പ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയഗോപുരമായ ബാഴ്സലോണ നഗരത്തിലെ ഈശോയുടെ ഗോപുരം ആശീർവദിച്ച് സഗ്രാദാ ഫമിലിയ (തിരുക്കുടുംബം) ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാനമധ്യേ നൽകിയ സന്ദേശത്തിലാണ് മാർപാപ്പ യുദ്ധത്തിനെതിരേ ശക്തമായ പ്രതികരണം നടത്തിയത്.
സമാധാനത്തിന്റെ രാജകുമാരനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെട്ട് നിരപരാധികളെ കൊല്ലാൻ കഴിയില്ല. ദൈവകരുണ ചോദിക്കുന്ന വായകൊണ്ടും സ്വന്തം കൈകൊണ്ടും സ്വന്തം ഉദാസീനതകൊണ്ടും ദുഃഖിക്കുന്നവരെ തള്ളിക്കളയാൻ കഴിയില്ല. ക്രൂരതയെ തടയാത്ത വിശ്വാസം വിശ്വാസമല്ല, അത് വ്യാജമാണെന്നും പാപ്പാ പറഞ്ഞു.
ശിലകൾക്ക് ആകൃതി നൽകുന്നതും ഒരുമിച്ച് നാം വസിക്കുന്ന ഈ ഗൃഹത്തിന് അർഥം നൽകുന്നതും വിശ്വാസം തന്നെയാണ്. സഗ്രാദാ ഫമിലിയ മനുഷ്യന്റെ ബുദ്ധിശക്തിയുടെ സ്മാരകമല്ല. തലമുറകളിലൂടെ, പരാജയങ്ങളിലൂടെ, ഒരു നൂറ്റാണ്ടിന്റെ അപൂർണതകളിലൂടെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ടിരുന്നതിന്റെ സ്മാരകമാണ്.
ഈ ദേവാലയം ഒരു വാസ്തുശില്പ മഹാദ്ഭുതമാണ്. എന്നാൽ അതിലുമേറെ ശിലകളാലും വർണങ്ങളാലും പ്രകാശത്താലും നിർമിതമായ ഒരു ഹൃദ്യമായ വിശ്വാസ പ്രബോധനമാണ്. നാമൊക്കെ ഈ ദേവാലയത്തിന്റെ ജീവനുള്ള ശിലകളാണ്.
ദേവാലയം അപൂർണമാണ്; നാമും അപൂർണരാണ്. ഭിത്തികൾക്ക് ഇടയിൽ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്; ഹൃദയങ്ങൾ ഇനിയും തുറക്കാൻ കഴിയാത്ത ഭാഗങ്ങൾ ഉണ്ട്. നാമൊക്കെ ഒരു നിർമാണ പ്രക്രിയയിലാണ്, അത് നൈരാശ്യത്തിന്റെ അടയാളമല്ല, പ്രത്യാശയുടെ ലക്ഷണമാണെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ, രാജ്ഞി ലെറ്റിഷ്യ, പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് എന്നിവർ ബലിപീഠത്തിന് മുൻപിൽ ഉണ്ടായിരുന്നു. സീറോമലബാർ സഭയിൽനിന്ന് ഉജ്ജയിൻ ആർച്ച്ബിഷപ് മാർ സെബസ്റ്റ്യൻ വടക്കേൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടൺ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ തിരുക്കർമങ്ങളിൽ പങ്കാളികളായി. എംഎസ്ടി സമൂഹാംഗമായ മലയാളി വൈദികൻ ഫാ. ജോബി സെബാസ്റ്റ്യൻ കാപ്പിപ്പറമ്പിൽ സഗ്രാദാ ഫമിലിയ ബസിലിക്കയിൽ അസിസ്റ്റന്റ് വികാരിയാണ്.
Leader Page
മനുഷ്യൻ സംവദിക്കുന്ന ഭാഷയ്ക്ക് അവന്റെ പുരോഗതിയിൽ വലിയ പങ്കുണ്ട്. ഇന്ന് ലോകം മനുഷ്യനെക്കുറിച്ചു സംസാരിക്കുന്നത് പ്രധാനമായും ഒരുതരം സാമ്പത്തിക ഭാഷയിലാണ്. ഉത്പാദനവും കൈമാറ്റവും ലാഭവും നഷ്ടവും ഒക്കെയാണ് മനുഷ്യനെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയുംകുറിച്ചുള്ള സംഭാഷണത്തിന്റെ ഭാഷാശൈലി. പൊതുനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാൻ സുവിശേഷപരമായ ഭാഷ ആവശ്യമാണെന്ന് പാപ്പാ ഓർമിപ്പിക്കുന്നു.
സുവിശേഷാത്മകമായ ഭാഷ എന്നത് മനുഷ്യന്റെ ആന്തരിക മഹത്വത്തെ മുഖവിലയ്ക്കെടുക്കുന്ന ഭാഷയാണ്. ദൈവ മഹത്വം, മനുഷ്യ വ്യക്തിയുടെ അന്തഃസ്, സമ്പത്തിന്റെ മേലുള്ള പൊതു അവകാശം, ദരിദ്രർക്കുള്ള പ്രത്യേക പരിഗണന, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം, സമാധാനം, വിശുദ്ധി, ആധ്യാത്മികത തുടങ്ങിയ അടിസ്ഥാന ദർശനങ്ങളുടെ ചൈതന്യമുൾക്കൊള്ളുന്ന ഒരു ഭാഷ മനുഷ്യവംശത്തിന്റെ കൂട്ടായ്മയ്ക്കും നിലനിൽപ്പിനും ആവശ്യമുണ്ട്. മറ്റുള്ളവരെ അപമാനിക്കുന്നതോ ശത്രുത വളർത്തുന്നതോ ആയ വാക്കുകൾ ഒഴിവാക്കുന്നതും സുവിശേഷാത്മക ഭാഷയുടെ ഭാഗമാണ്.
◄ മനുഷ്യന്റെ മഹത്വം എവിടെനിന്ന്?
മനുഷ്യന്റെ മഹത്വം എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്നത് ഒരു വലിയ ചോദ്യമാണ്. ഒരാൾ ആർജിച്ചെടുക്കുന്ന സമ്പത്തും സ്ഥാനമാനങ്ങളുമാണ് അയാളുടെ മഹത്വത്തിന്റെ ആധാരം എന്നൊരു ചിന്ത എക്കാലത്തും പ്രബലമാണ്. തത്ഫലമായി ഒരാൾ തന്റെ മൂല്യമോ മഹത്വമോ സ്വയം സമ്പാദിക്കുകയോ തെളിയിക്കുകയോ വേണം എന്ന സ്ഥിതിയുണ്ടാകുന്നത് വളരെ അപകടകരമാണ്. ഇതുവഴി കാര്യക്ഷമതയുള്ളവർക്കു കൂടുതൽ മൂല്യം കൽപിക്കപ്പെടുന്നു. തത്ഫലമായി വ്യക്തികൾ ലക്ഷ്യം നേടാനുള്ള ഉപകരണങ്ങളായി ചുരുങ്ങുകയും സ്വന്തം നിലയിൽ ആദരിക്കപ്പെടേണ്ട വ്യക്തികളെന്ന നില നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ, മനുഷ്യന്റെ മൂല്യം അവൻ നേടുന്നതിലോ ഉത്പാദിപ്പിക്കുന്നതിലോ അല്ല; മനുഷ്യനാണെന്ന കാരണത്താൽ തന്നെയാണെന്ന് പാപ്പാ പഠിപ്പിക്കുന്നു.
അതായത്, മനുഷ്യന്റെ മഹത്വം "അസ്തിത്വപരമായ (ontological dignity) മഹത്വ' മാണ്. “അത് അവൻ "മനുഷ്യൻ ആയിരിക്കുന്നു' എന്നതുകൊണ്ടും അവൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനാണ് എന്നതുകൊണ്ടും ദൈവം അവനെ സ്നേഹിക്കുന്നു എന്നുള്ളതുകൊണ്ടുമുള്ള മഹത്വമാണ്. ഒരു പാപത്തിനും പരാജയത്തിനും അപമാനത്തിനുംപോലും ഈ അടിസ്ഥാന മഹത്വം ഇല്ലാതാക്കാനാവില്ല” എന്ന മാർപാപ്പയുടെ വീക്ഷണം എത്ര ശ്രേഷ്ഠമാണ്!
◄ മനുഷ്യാവകാശങ്ങളുടെ പരമമായ മൂല്യം
മനുഷ്യന്റെ ലംഘിക്കാനാകാത്ത മഹത്വത്തോടു ചേർന്നു നിൽക്കുന്നതാണ് അവന്റെ അവകാശങ്ങൾ. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആധുനിക കാലഘട്ടത്തിലെ തിരിച്ചറിവും മനുഷ്യാവകാശ പ്രഖ്യാപനങ്ങളും സഭ അംഗീകരിക്കുകയും നന്ദിയോടെ അനുസ്മരിക്കുകയും ചെയ്യുന്നു. 1948 ഡിസംബർ 10ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങളുടെ സാർവദേശീയ പ്രഖ്യാപനം നമ്മുടെ കാലഘട്ടത്തിലെ മനുഷ്യ മനഃസാക്ഷിയുടെ മഹത്തായ പ്രകടനങ്ങളിലൊന്നാണെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ അഭിപ്രായപ്പെട്ടത് ലെയോ പാപ്പാ ആവർത്തിക്കുന്നു.
ക്രൈസ്തവ വീക്ഷണത്തിൽ മനുഷ്യാവകാശങ്ങൾ മനുഷ്യ മഹത്വത്തിന്റെ അന്തർലീന പ്രകടനങ്ങളാണ്, അവ പുറത്തുനിന്ന് നൽകപ്പെടുന്നവയല്ല. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടാനാവാത്തവയും അന്യാധീനപ്പെടുത്താൻ കഴിയാത്തവയുമാണ്. ഇവയിൽ ഏറ്റവും അടിസ്ഥാനപരമായത് ജീവിക്കാനുള്ള അവകാശമാണ് - ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണംവരെ. ഈ അവകാശമില്ലാതെ മറ്റൊരു അവകാശവും പ്രാവർത്തികമാക്കാനാവില്ല. അതുകൊണ്ടാണ് ഗർഭച്ഛിദ്രം, നിരപരാധികളുടെ കൊലപാതകം, ദയാവധം എന്നിവ സഭ ഗുരുതരമായ തെറ്റുകളായി കണക്കാക്കുന്നത്.
◄ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാന തത്വങ്ങൾ
സഭയുടെ സാമൂഹിക പ്രബോധനങ്ങൾ അഞ്ച് അടിസ്ഥാന തത്വങ്ങളുടെ മേലാണ് നിലനിൽക്കുന്നത് എന്ന് പാപ്പാ ഓർമിപ്പിക്കുന്നു. ഈ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള അവബോധം ധാർമികമായി നിലനിൽക്കാൻ പരിശ്രമിക്കുന്ന ഏതൊരു സമൂഹത്തിനും അത്യാവശ്യമാണ്. അവയിൽ ഒന്നാമത്തേത് സമൂഹത്തിന്റെ പൊതുനന്മ എന്ന തത്വമാണ്. ഓരോ വ്യക്തിയുടെയും മഹത്വത്തെ സാമൂഹിക തലത്തിൽ അംഗീകരിക്കുന്നതാണ് പൊതുനന്മ.
ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം, സ്വന്തം താത്പര്യങ്ങളുടെ പരിമിതികളെ അതിജീവിച്ചു പൊതുനന്മയ്ക്കായി പ്രവർത്തിക്കുക എന്നത് ഒരു അടിസ്ഥാന മൂല്യമാണ്. ഓരോരുത്തരും വളരുമ്പോൾ പൊതുനന്മയുണ്ടാകുന്നു എന്നതൊരു മിഥ്യാധാരണയാണ് എന്ന് മാർപാപ്പ അഭിപ്രായപ്പെടുന്നു. പരസ്പര ആശ്രയത്വത്തിൽനിന്നാണ് പൊതുനന്മ രൂപപ്പെടുന്നത്. ഓരോ വ്യക്തികളുടെയും നന്മകൾ കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ഒരു അധിക മൂല്യം പൊതുനന്മയിൽ ഉൾച്ചേരുന്നുണ്ട് എന്ന് പാപ്പാ കരുതുന്നു.
സൃഷ്ടവസ്തുക്കൾ എല്ലാവരുടേതുമാണെന്നതാണ് സാമൂഹിക പ്രബോധനങ്ങളുടെ രണ്ടാമത്തെ തത്വം. ഭൂമി, വെള്ളം, വായു, പ്രകൃതിവിഭവങ്ങൾ എന്നിവ മനുഷ്യവംശത്തിനു മുഴുവനായി ദൈവം നൽകിയ ദാനങ്ങളാണ്. ഓരോ വ്യക്തിക്കും ഇപ്പോഴും ഭാവിയിലും ഈ വിഭവങ്ങൾ ഉപയോഗിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യ സ്വത്തവകാശം അംഗീകരിക്കുമ്പോഴും ആ അവകാശം എപ്പോഴും സ്രഷ്ടവസ്തുക്കൾ പൊതുഉപയോഗത്തിനുള്ളതാണ് എന്ന കാഴ്ചപ്പാടിനു കീഴിലുള്ളതായിരിക്കണമെന്ന് സഭ പഠിപ്പിക്കുന്നു. ഇന്നത്തെ ലോകത്ത് ഈ തത്വം ഭൗതികസമ്പത്തുകൾക്കു മാത്രമല്ല, അറിവ്, പേറ്റന്റുകൾ, അൽഗോരിതങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഡാറ്റ തുടങ്ങിയ പുതിയ സ്വത്തുക്കൾക്കും ബാധകമാണ്. ഇവ കുറച്ചുപേരുടെ കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ പുതിയ അസമത്വങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതിനാൽ സാങ്കേതികവിദ്യയും പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയെയും ഭാവിതലമുറകളെയും മാനിച്ചുകൊണ്ടു പൊതുലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടണം.
അധികാര ക്രമം പാലിക്കപ്പെടണം എന്നതാണ് മൂന്നാമത്തേത്. വ്യക്തികൾ, കുടുംബങ്ങൾ, പ്രാദേശിക സമൂഹങ്ങൾ, ഇടനില സംഘടനകൾ എന്നിവയുടെ ഉത്തരവാദിത്വങ്ങൾ രാഷ്ട്രവും ഗവൺമെന്റുംപോലെയുള്ള ഉയർന്ന അധികാരസ്ഥാപനങ്ങൾ ഏറ്റെടുക്കരുത്. മറിച്ച് അവയുടെ സ്വാതന്ത്ര്യവും സൃഷ്ടിപരതയും സംരക്ഷിക്കുകയും ഏകോപിപ്പിക്കുകയും വേണം എന്നതാണ് ഈ വീക്ഷണം. വ്യക്തിയും കുടുംബവും രാഷ്ട്രത്തിൽ ലയിച്ചുപോകരുത് എന്നതാണ് എക്കാലവും സഭ പഠിപ്പിക്കുന്നത്.
രാഷ്ട്രം പൊതുനന്മ സംരക്ഷിക്കണം, എന്നാൽ കുടുംബങ്ങളുടെയും സംഘടനകളുടെയും ഉത്തരവാദിത്വങ്ങൾ സ്ഥിരമായി ഏറ്റെടുക്കരുത്. ഈ തത്വം യഥാർഥത്തിൽ ഉത്തരവാദിത്വങ്ങൾ പങ്കിടുന്ന ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഡിജിറ്റൽ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഈ ധാർമിക തത്വത്തിനു വലിയ പ്രാധാന്യമുണ്ട്. ഇന്ന് ചില വൻ കമ്പനികൾ ഡാറ്റയും അൽഗോരിതങ്ങളും നിയന്ത്രിച്ച് അനിയന്ത്രിതമായ അധികാരം കൈയാളുന്നു. ഇവിടെയെല്ലാം സുതാര്യത, ഉത്തരവാദിത്വം, പൊതുപങ്കാളിത്തം എന്നിവ ഉറപ്പാക്കപ്പെടേണ്ടതുണ്ട്.
ഐക്യദാർഢ്യത്തിന്റെ തത്വമാണ് നാലാമത്തേത്. ഓരോ മനുഷ്യനും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവനും മറ്റുള്ളവരുമായി ബന്ധിക്കപ്പെട്ടവനുമാണ്. അതിനാൽ “ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല.” ആഗോളവത്കരണവും ഡിജിറ്റൽ ശൃംഖലകളും നമ്മെ കൂടുതൽ പരസ്പരബന്ധമുള്ളവരാക്കിയിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ യഥാർഥ ഐക്യം ഈ ബന്ധങ്ങളെ പങ്കുവയ്ക്കലിന്റെയും സഹകരണത്തിന്റെയും മാർഗങ്ങളാക്കി മാറ്റുമ്പോൾ ഉണ്ടാകുന്നതാണ്. ഐക്യദാർഢ്യം ഒരു സാമൂഹിക തത്വത്തെക്കാൾ ഒരു പുണ്യമാണ്. ദരിദ്രരെയും ഭാവിതലമുറകളെയും പരിഗണിച്ച് പൊതുനന്മയ്ക്കായി സ്ഥിരതയോടെ പ്രവർത്തിക്കാനുള്ള മനോഭാവമാണത്.
സാമൂഹിക നീതി എന്ന തത്വമാണ് അഞ്ചാമത്തേത്. അനീതികൾ വ്യക്തികളുടെ തിന്മകളിൽനിന്നു മാത്രമല്ല ഉദ്ഭവിക്കുന്നത്. അസമത്വം സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ഘടനകളിൽനിന്ന് അനീതി ഉത്ഭവിക്കും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ഇതിനെ "പാപത്തിന്റെ ഘടനകൾ' എന്നു വിളിച്ചത്. യുദ്ധങ്ങൾ, കൊളോണിയലിസം, വംശീയവും ലിംഗപരവുമായ വിവേചനം, ചൂഷണം തുടങ്ങിയവ മൂലം തകർന്ന ബന്ധങ്ങളെ പുനഃസ്ഥാപിക്കുകയും പുറന്തള്ളപ്പെട്ടവരെ സമൂഹത്തിലേക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുകയാണ് സാമൂഹിക നീതിയുടെ ലക്ഷ്യം.
◄ സ്നേഹം പരമ ലക്ഷ്യം
സഭയുടെ സാമൂഹിക പ്രബോധനങ്ങൾ കത്തോലിക്കാ വിശ്വാസത്തിന്റെ ഹൃദയഭാഗത്തേക്കു നമ്മെ നയിക്കുന്നു എന്ന പാപ്പാ പ്രഖ്യാപിക്കുന്നു. ദൈവം ത്രിത്വമാണെന്ന ദൈവിക രഹസ്യംതന്നെയാണ് സാമൂഹിക പ്രബോധനങ്ങളുടെ അടിത്തറ. ത്രിത്വൈക ദൈവം കൂട്ടായ്മയുടെ ദൈവമാണ്. അതുകൊണ്ടുതന്നെ തന്റെ ഛായയിൽ ദൈവം സൃഷ്ടിച്ച മനുഷ്യന്റെ യഥാർഥ ഛായയും സാദൃശ്യവും കൂട്ടായ്മയുടെതാണ്. ദൈവത്തോടും മനുഷ്യനോടുള്ള കൂട്ടായ്മയെക്കുറിച്ചാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങൾ സംസാരിക്കുന്നത്.
ദൈവം സ്നേഹമാണ് എന്നതാണല്ലോ ത്രിത്വത്തിന്റെ ആന്തരിക രഹസ്യം. സ്നേഹം ആത്മസമർപ്പണത്തിലും പങ്കുവയ്ക്കലിലുമാണു പ്രകടമാകുന്നത്. ദൈവത്തോടും മനുഷ്യനോടും ബന്ധത്തിലായിരിക്കുന്നതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. സൃഷ്ടിച്ച ദൈവത്തോടും മറ്റുള്ളവരോടും സൃഷ്ടപ്രപഞ്ചത്തോടും കൂട്ടായ്മയിൽ നിലനിൽക്കേണ്ട വിധത്തിലാണ് ദൈവം മനുഷ്യ വ്യക്തിയെതന്നെ സംവിധാനം ചെയ്തിരിക്കുന്നത്.
സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മയിലാണ് മനുഷ്യന്റെ മഹത്വം പ്രകടമാകുന്നത്. അത് ഒരാളുടെ കഴിവുകളിലോ സമ്പത്തിലോ സാമൂഹികസ്ഥാനത്തിലോ അല്ല സ്ഥിതിചെയ്യുന്നത്. ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിന്റെ ദാനമാണത്. ഈ സ്നേഹം മനുഷ്യരൂപം പ്രാപിച്ചിരിക്കുന്നത് മിശിഹായിലാണ്. അതുകൊണ്ടുതന്നെ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ അടിത്തറ ദൈവപുത്രനായ മിശിഹാ തന്നെയാണ്.
(തുടരും)
International
ബാഴ്സലോണ: ഭിന്നിച്ചുനില്ക്കുന്ന ലോകത്ത് ഐക്യത്തിന്റെ സാക്ഷികളും പ്രവാചകരുമാകാന് കത്തോലിക്കാ വിശ്വാസികളോട് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം.
സ്പെയിനില്‍ തുടരുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി തലസ്ഥാനനഗരമായ മാഡ്രിഡില്‍ മൂന്നര ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് ബാഴ്സലോണ നഗരത്തിലെത്തിയ മാര്‍പാപ്പ ഇവിടുത്തെ ഹോളിക്രോസ് ആന്‍ഡ് സെന്റ് യുവാലിയ കത്തീഡ്രലില്‍ മധ്യാഹ്നപ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി വചനസന്ദേശം നല്‍കുകയായിരുന്നു.
ദൈവത്താല്‍ സ്നേഹിക്കപ്പെടാന്‍ സ്വയം അനുവദിക്കുന്നവര്‍ക്കു മാത്രമേ മറ്റുള്ളവരുമായി ചേര്‍ന്ന് സ്നേഹത്തിന്റെ പ്രവൃത്തികള്‍ കെട്ടിപ്പടുക്കാന്‍ കഴിയൂ. വൈവിധ്യങ്ങള്‍ക്കിടയിലും ഐക്യത്തിന് മുന്‍ഗണന നല്കാന് തയാറാകണം- മാര്‍പാപ്പ പറഞ്ഞു.
രാത്രിയില്‍ നഗരത്തിലെ ഒളിമ്പിക്സ്റ്റേഡിയത്തില് നടന്ന നിശാജാഗരണ പ്രാര്‍ഥനയിലും മാര്‍പാപ്പ പങ്കെടുത്തു. യുവാക്കളുള്‍പ്പെടെ ഒരു ലക്ഷത്തിലേറെ പേര് പ്രാര്‍ഥനയില്‍ പങ്കെടുത്തു.
International
മാഡ്രിഡ്: ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അടിത്തറയാണു കുടുംബങ്ങളെന്നും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ കുടുംബങ്ങൾക്കു പ്രത്യേക പങ്കുണ്ടെന്നും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതുവഴി രാജ്യങ്ങൾ ശക്തിപ്പെടുന്നുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
മാഡ്രിഡിൽ സ്പെയിൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. കുടുംബമെന്നത് ഒരു രാജ്യത്തിന്റെ സ്വാഭാവിക അടിത്തറയാണ്. ഗർഭധാരണം മുതൽ സ്വാഭാവിക അന്ത്യം വരെ ജീവിതം സംരക്ഷിക്കപ്പെടണം. ഓരോ യുദ്ധവും വേദനാജനകമായ പരാജയമാണ്.
അതു തിരിച്ചറിയാൻ ലോകനേതാക്കൾക്കാകണം. പുതിയ സാങ്കേതികവിദ്യകൾക്കും നിർമിതബുദ്ധിക്കും കർശനമായ ധാർമിക മേൽനോട്ടം ആവശ്യമാണ്. ഏതൊരു യഥാർഥ ജനാധിപത്യസമൂഹവും ചിന്താസ്വാതന്ത്ര്യം, മനഃസാക്ഷി സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കണം.
കുടിയേറ്റക്കാരോട് മനുഷ്യത്വപൂർണമായ സമീപനം വേണം. അവരുടെ അവകാശങ്ങൾ സംരക്ഷിക്കണം. ഒരു രാജ്യത്തിന്റെ ധാർമികമഹത്വം പ്രകടമാകുന്നത് ദുർബലരായ ജനങ്ങളെ ചേർത്തുനിർത്തുന്പോഴും അവരെ സംരക്ഷിക്കുന്പോഴുമാണ് -മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് ഒരു മാർപാപ്പ സ്പെയിൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. പാർലമെന്റംഗങ്ങൾ ഏഴു മിനിറ്റ് എഴുന്നേറ്റുനിന്നാണ് മാർപാപ്പയോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
മൂന്നു ദിവസത്തെ മാഡ്രിഡ് സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ഇന്ന് ബാഴ്സലോണയിലേക്കു യാത്രയാകും. ഉച്ചയ്ക്ക് 12.25ന് ബാഴ്സലോണയിൽ എത്തുന്ന മാർപാപ്പ ഉച്ചയ്ക്ക് ഒന്നിന് ബാഴ്സലോണ കത്തീഡ്രലിൽ മധ്യാഹ്നപ്രാർഥനയിൽ പങ്കെടുക്കും.
International
മാഡ്രിഡ്: സ്പെയിനിൽ സന്ദർശനം തുടരുന്ന ലെയോ പതിനാലാമൻ മാർപാപ്പ തലസ്ഥാനമായ മാഡ്രിഡ് നഗരത്തിലെ സിബേലെസ് ചത്വരത്തിൽ ഇന്നലെ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തത് 12 ലക്ഷം വിശ്വാസികൾ.
ഇന്നലെ രാവിലെ മുതൽത്തന്നെ മാഡ്രിഡിലെ പ്രധാന തെരുവുകളായ പാസിയോ ഡി ലാ കാസ്റ്റെല്ലാനയും സിബേലെസ് ചത്വരവും വിശ്വാസികളാൽ നിറഞ്ഞിരുന്നു. പോപ്പ് മൊബീലിൽ മാർപാപ്പ എത്തിയപ്പോഴേയ്ക്കും വിശ്വാസികളുടെ ആവേശം ഇരട്ടിയായി.
വത്തിക്കാൻ പതാകകൾ വീശിയും പുഷ്പവൃഷ്ടി നടത്തിയും മാർപാപ്പയെ അവർ വരവേറ്റു. 10.30ന് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ കുർബാനയുടെ തിരുനാളുമായി ബന്ധപ്പെട്ട ദിവ്യകാരുണ്യപ്രദക്ഷിണവുമുണ്ടായിരുന്നു. ഏറെ ഭക്തിസാന്ദ്രമായ ഈ പ്രദക്ഷിണത്തിൽ മാർപാപ്പ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് ആളുകൾക്കിടയിലൂടെ ദീർഘസമയം നീങ്ങി.
പ്രദക്ഷിണത്തിന്റെ അവസാനം ഉച്ചയ്ക്ക് 12.15ഓടെ മാർപാപ്പ വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകി. നിരവധി മെത്രാന്മാരും നൂറുകണക്കിന് വൈദികരും മാർപാപ്പയ്ക്കൊപ്പം വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ഫിലിപ്പ് രാജാവും ലെറ്റീഷ്യ രാജ്ഞിയും പ്രധാനമന്ത്രി പെട്രോ സാഞ്ചസുമുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
ലത്തീൻ സഭയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന ഞായർ എന്നനിലയിൽ വിശുദ്ധ കുർബാനയുടെ പ്രാധാന്യം ഓർമിപ്പിക്കുന്നതായിരുന്നു മാർപാപ്പയുടെ വചനസന്ദേശം. ദുർബലർക്ക് ആശ്വാസവും കുടുംബങ്ങൾക്ക് വെളിച്ചവും ഏറ്റവും ദുർബലരായവർക്കുള്ള പ്രത്യാശയും കഷ്ടപ്പെടുന്നവർക്ക് സമാധാനവും നൽകുന്നതാണ് വിശുദ്ധ കുർബാനയെന്ന് മാർപാപ്പ പറഞ്ഞു.
കുർബാനയുടെ സ്നേഹത്തിലേക്കു മടങ്ങാൻ എല്ലാവരും തയാറാകണം. സ്വകാര്യഭക്തിയിൽ നമ്മെത്തന്നെ ചുരുക്കാതെ നമ്മുടെ സഹോദരീസഹോദരന്മാർ, കുടുംബങ്ങൾ, ദരിദ്രർ, കഷ്ടപ്പെടുന്നവർ, പ്രതീക്ഷ നഷ്ടപ്പെട്ടവർ എന്നിവർക്കു സേവനം ചെയ്യുവാൻ വിശുദ്ധ കുർബാന നമുക്ക് ശക്തി പകരട്ടെ. വിശുദ്ധ കുർബാനയുടെ പരിവർത്തന ശക്തി നമ്മെ ചരിത്രത്തിന്റെ മാറ്റത്തിന്റെ നായകരും നാം കണ്ടുമുട്ടുന്നവർക്ക് പ്രത്യാശയുടെ അടയാളവുമാക്കിമാറ്റുന്നു-മാർപാപ്പ ചൂണ്ടിക്കാട്ടി.
ഇന്നലെ ഉച്ചകഴിഞ്ഞ് അഗസ്റ്റീനിയൻ സന്യാസസമൂഹാംഗങ്ങളുമായി വത്തിക്കാൻ നുൺഷ്യേചറിൽ മാർപാപ്പ കൂടിക്കാഴ്ച നടത്തി. കായിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും കലാരംഗത്തെ പ്രശസ്തരും പങ്കെടുക്കുന്ന സംഗീതപരിപാടിയിലും മാർപാപ്പ പങ്കെടുത്തു.
ഇന്നു രാവിലെ പ്രധാനമന്ത്രി പെദ്രോ സാഞ്ചസുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്ന മാർപാപ്പ തുടർന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യും. വൈകുന്നേരം ആറിന് സാന്താ മരിയ ദെ ല അൽമുദെന കത്തീഡ്രലിൽ പ്രത്യേക പ്രാർഥനയിലും സാന്റിയാഗോ ബെർണബ സ്റ്റേഡിയത്തിൽ രൂപതാസമൂഹത്തിന്റെ സംഗമത്തിലും പങ്കെടുക്കും.
ശനിയാഴ്ച വൈകുന്നേരം റിയൽ മാഡ്രിഡിന്റെ ബെർണബെ സ്റ്റേഡിയത്തിനു പുറത്ത് മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന നിശാ ജാഗരണപ്രാർഥനയിൽ അഞ്ചു ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു. ഇതിലേറെയും യുവജനങ്ങളായിരുന്നു.
International
വത്തിക്കാൻ സിറ്റി: ഏഴു ദിവസത്തെ സ്പെയിൻ സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ നാളെ യാത്ര പുറപ്പെടും.
ചൊവ്വാഴ്ച വരെ തലസ്ഥാനനഗരിയായ മാഡ്രിഡിൽ ചെലവഴിക്കുന്ന മാർപാപ്പ അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.
ചൊവ്വാഴ്ച മാഡ്രിഡിൽനിന്ന് സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്തുള്ള ബാഴ്സലോണയിലേക്ക് പോകുന്ന മാർപാപ്പ 11 വരെ അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. തുടർന്ന് മോണ്ട്സെറാറ്റ് സന്ദർശിക്കും. 11ന് രാവിലെ കനേറി ദ്വീപുകളിൽപ്പെട്ട ഗ്രാൻ കനേറിയയിലേക്ക് യാത്രയാകും.
അവിടെയും വിശുദ്ധ കുർബാന അർപ്പിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. 12ന് തെനെറീഫ് ദ്വീപിലെത്തുന്ന മാർപാപ്പ വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ റോമിലേക്ക് മടങ്ങും.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ആണവ നിലപാടിനെക്കുറിച്ച് ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ധാരണയില്ലെന്നും ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകാൻ പാടില്ലെന്ന കാര്യം ആരെങ്കിലും അദ്ദേഹത്തെ ബോധ്യപ്പെടുത്തണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഡെമോക്രാറ്റ് നേതാവുകൂടിയായ ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ വെള്ളിയാഴ്ച വത്തിക്കാനിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിനെയും ട്രംപ് സമൂഹമാധ്യമത്തിലൂടെ വിമർശിച്ചു.
ഷിക്കാഗോ മേയർ നിർഗുണനായ വ്യക്തിയാണെന്ന കാര്യം ഷിക്കാഗോയിൽ ജനിച്ച കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ അറിഞ്ഞിരിക്കണമെന്നും അതല്ലെങ്കിൽ വത്തിക്കാൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഇക്കാര്യം അറിയിക്കണമെന്നുമായിരുന്നു ട്രംപിന്റെ വിമർശനം.
ഇറാൻ സംഘർഷവും അമേരിക്കയിലെ കുടിയേറ്റ പ്രശ്നങ്ങളും മാർപാപ്പയുമായി ചർച്ച ചെയ്തുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഷിക്കാഗോ മേയർ പറഞ്ഞിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
International
വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനായി നമ്മൾ പ്രാർഥന തുടരേണ്ടതുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധക്കെടുതിയിലൂടെ കടന്നുപോകുന്ന ജനങ്ങളുടെ നിലവിളി കേൾക്കാനാകണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രിയിൽ വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്കുമുന്നിൽ ലോകസമാധാനത്തിനായി നടത്തിയ ജപമാലപ്രാർഥനയിൽ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
സമാധാനം എന്നത് ഒരു പരീക്ഷണശാലയിൽ പരീക്ഷിക്കേണ്ട സിദ്ധാന്തമോ കേവലമൊരു മിഥ്യയോ സ്വാർഥതാത്പര്യത്താൽ പിന്തുടരേണ്ട ഒരു കാര്യമോ അല്ല. മറിച്ച്, അത് ആത്മാർഥമായ ഹൃദയത്തോടെ അന്വേഷിക്കണം. അതു ദൈനംദിന പ്രതിബദ്ധതയാകണം.
നീതിയിൽനിന്നും സ്നേഹത്തിൽനിന്നുമാണ് സമാധാനം ഉണ്ടാകുന്നത്. കുടുംബങ്ങളെയും ജനങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഐക്യമാണത്. സമാധാനം നിഷേധിക്കപ്പെട്ടവരുടെ നിലവിളി കേൾക്കാൻ നാം തീരുമാനിക്കുമ്പോൾ അതു സാധ്യമാകും. -മാർപാപ്പ പറഞ്ഞു.
ജപമാലയുടെ ഓരോ രഹസ്യത്തിലും യുദ്ധക്കെടുതികൾ നേരിടുന്നവരെ സമർപ്പിച്ചു പ്രാർഥിച്ചു. ഒന്നാമത്തെ രഹസ്യത്തിൽ യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടിയായിരുന്നു പ്രാർഥന. രണ്ടാം രഹസ്യത്തിൽ യുദ്ധമേഖലകളിൽ പ്രതീക്ഷയുടെ കിരണം തെളിക്കുന്നവരെ സ്മരിച്ചു.
മൂന്നാം രഹസ്യത്തിൽ യുദ്ധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ, സന്നദ്ധ പ്രവർത്തകർക്കുവേണ്ടിയും നാലാം രഹസ്യത്തിൽ യുദ്ധത്തടവുകാർക്കും ഇതര സഹനങ്ങൾ നേരിടുന്നവർക്കും വേണ്ടിയും പ്രാർഥിച്ചു. അഞ്ചാം രഹസ്യത്തിൽ യുദ്ധങ്ങളെല്ലാം അവസാനിച്ച് ദീർഘകാല സമാധാനം പുലരാനായിരുന്നു പ്രാർഥന.
ജപമാലയിൽ ആത്മീയമായി പങ്കുചേരാൻ ലോകമെമ്പാടുമുള്ള വിശ്വാസികളോടും വിവിധ തീർഥാടനകേന്ദ്രങ്ങളോടും വത്തിക്കാൻ അഭ്യർഥിച്ചിരുന്നു. ഇതുപ്രകാരം പോർച്ചുഗലിലെ ഫാത്തിമ, ഫ്രാൻസിലെ ലൂർദ്, യുക്രെയ്നിലെ സർവാനിറ്റ്സിയ, ഫിലിപ്പീൻസിലെ ആന്റിപോളോ, ബോസ്നിയയിലെ മെജുഗോറെ, ഇറ്റലിയിലെ ലൊറേറ്റോ തുടങ്ങിയ ലോകപ്രശസ്ത മരിയൻ തീർഥാടനകേന്ദ്രങ്ങളിലും പ്രത്യേക ജപമാലപ്രാർഥന സംഘടിപ്പിച്ചിരുന്നു.
International
വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ഇന്ന് ജപമാല ചൊല്ലും.
വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്കു മുന്നിൽ വൈകിട്ട് ഏഴിന് പ്രാർഥന ആരംഭിക്കും. ജപമാലയുടെ ഓരോ രഹസ്യങ്ങളിലും യുദ്ധക്കെടുതികൾ നേരിടുന്നവരെ സമർപ്പിച്ചു പ്രാർഥിക്കും.
ജപമാലയിൽ പങ്കുകൊള്ളാൻ ലോകമെന്പാടുമുള്ള മരിയൻ തീർഥാടനകേന്ദ്രങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പോർട്ടുഗലിലെ ഫാത്തിമ, ബോസ്നിയ ആൻഡ് ഹെർസിഗോവ്നയിലെ മെജുഗോറെ, ഫ്രാൻസിലെ ലൂർദ് തുടങ്ങിയ പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒന്നാമത്തെ രഹസ്യത്തിൽ, യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടിയായിരിക്കും പ്രാർഥന.
രണ്ടാം, രഹസ്യത്തിൽ യുദ്ധമേഖലകളിൽ പ്രതീക്ഷയുടെ കിരണം തെളിക്കുന്നവരെ സ്മരിക്കും.
മൂന്നാം രഹസ്യത്തിൽ, യുദ്ധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ, സന്നദ്ധ പ്രവർത്തകർക്കും
നാലാം രഹസ്യത്തിൽ, യുദ്ധത്തടവുകാർക്കും ഇതര സഹനങ്ങൾ നേരിടുന്നവർക്കും വേണ്ടി പ്രാർഥിക്കും.
അഞ്ചാം രഹസ്യത്തിൽ യുദ്ധങ്ങളെല്ലാം അവസാനിച്ച് ദീർഘകാല സമാധാനം പുലരാനും പ്രാർഥിക്കും.
സെന്റ് പീറ്റേഴസ് ചത്വരത്തിലെ വലിയ സ്ക്രീനിൽ, ജപമാല ചൊല്ലുന്നതിന്റെ തത്സമയ സംപ്രേഷണമുണ്ടാകും. വത്തിക്കാനിലെത്തുന്ന വിശ്വാസികൾക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽവച്ച് ജപമാലയിൽ പങ്കെടുക്കാം.
International
വത്തിക്കാൻ സിറ്റി: തന്നെ കാണാനായി മണിക്കൂറുകൾ കാത്തുനിന്ന പുരോഹിതൻ ചൂടു മൂലം കുഴഞ്ഞുവീണപ്പോൾ സഹായിക്കാൻ ഓടിയെത്തി ലെയോ പതിനാലാമൻ മാർപാപ്പ. ബുധനാഴ്ച മാർപാപ്പയുടെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയായിരുന്നു സംഭവം.
തെക്കൻ ഇറ്റലിയിലെ മാർട്ടീന ഫ്രാങ്ക സ്വദേശിയായ ഫാ. ഡിയേഗോ സെമറാറോ ആണ് കുഴഞ്ഞുവീണത്. 81 വയസുള്ള അദ്ദേഹം സഹോദരനും വൈദികനുമായ ഫാ. ഫ്രാങ്കോ സെമറാറോയ്ക്കൊപ്പമാണ് വത്തിക്കാൻ സന്ദർശിച്ചത്.
പ്രതിവാര പൊതുദർന പരിപാടിയുടെ സമാപനത്തിൽ മാർപാപ്പയ്ക്കു ഹസ്തദാനം ചെയ്യാൻ സമീപക്കവേയാണ് കുഴഞ്ഞുവീണത്.
മൂന്നു മണിക്കൂറോളം അദ്ദേഹം കാത്തുനിന്നിരുന്നു. വത്തിക്കാനിലും റോമിലും സമീപ ദിവസങ്ങളിൽ കനത്ത ചൂടാണ് റിപ്പോർട്ട് ചെയ്യുന്നത്.
കുഴഞ്ഞുവീണ വൈദികന്റെ സമീപം ആദ്യമെത്തിയത് മാർപാപ്പയായിരുന്നു. തന്റെ മുന്നിൽ കുനിഞ്ഞുനിൽക്കുന്ന മാർപാപ്പയെ തിരിച്ചറിഞ്ഞ പുരോഹിതൻ “പരിശുദ്ധ പിതാവേ, ഇത് അങ്ങു തന്നെയാണോ” എന്ന് ആശ്ചര്യപ്പെടുകയുമുണ്ടായി.
വത്തിക്കാനിൽ വൈദ്യസഹായം ലഭിച്ച സഹോദരന് ദൈവകാരുണ്യത്താൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഫാ. ഫ്രാങ്കോ സെമറാറോ അറിയിച്ചു.
International
വത്തിക്കാൻ സിറ്റി: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ 2015ൽ എഴുതിയ "ലൗദാത്തോ സി’ എന്ന ചാക്രികലേഖനത്തിനുശേഷം ലോകരാഷ്ട്രീയത്തെ സ്വാധീനിക്കാനൊരുങ്ങി ലെയോ പതിനാലാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്’. നിർമിതബുദ്ധിയെ ആസ്പദമാക്കിയുള്ള ഈ ചാക്രികലേഖനത്തെക്കുറിച്ചുള്ള വാർത്ത രാജ്യാന്തര മാധ്യമങ്ങളെല്ലാം അതീവപ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്.
നിർമിതബുദ്ധിയുടെ കാലത്ത് ചാക്രികലേഖനത്തിലൂടെ മാർപാപ്പ നൽകുന്ന ഉദ്ബോധനം തീർച്ചയായും ലോകം ചർച്ച ചെയ്യേണ്ട കാര്യങ്ങളാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. സാങ്കേതികവിദ്യ മനുഷ്യന്റെ നന്മയ്ക്കായിരിക്കണമെന്നും അല്ലാതെ മനുഷ്യനെ യന്ത്രങ്ങളുടെ അടിമകളാക്കാനോ യുദ്ധക്കളത്തിലെ ഇരകളാക്കാനോ പാടില്ലെന്നുമാണ് തന്റെ ചാക്രികലേഖനത്തിലൂടെ മാർപാപ്പ ഓർമിപ്പിക്കുന്നത്.
അൽഗോരിതങ്ങളുടെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും അമിത ആവേശം മാനുഷികമൂല്യങ്ങളെ ഇല്ലാതാക്കാതിരിക്കാൻ ആഗോളതലത്തിൽ ശക്തമായ നിയമപരമായ മേൽനോട്ടം അത്യന്താപേക്ഷിതമാണെന്നും ലെയോ മാർപാപ്പ ഓർമിപ്പിക്കുന്നു. നിർമിതബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന കന്പനികൾ മനുഷ്യനന്മയെ കരുതി മത്സരത്തിൽനിന്ന് ഒഴിവാകണമെന്നും മാർപാപ്പ തന്റെ ചാക്രികലേഖനത്തിൽ അഭ്യർഥിക്കുന്നു.
നിർമിതബുദ്ധിയുടെ കാലത്ത് മനുഷ്യവ്യക്തിത്വം സംരക്ഷിക്കേണ്ടതുണ്ടെന്ന ആമുഖത്തോടെയാണു ചാക്രികലേഖനം ആരംഭിക്കുന്നത്. അഞ്ച് അധ്യായങ്ങളുള്ള ചാക്രികലേഖനത്തിൽ സാങ്കേതികവിദ്യ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വിരുദ്ധ ശക്തിയല്ലെ ന്നു മാർപാപ്പ ഓര്‍മിപ്പിക്കുന്നു. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് ആദ്യ അധ്യായത്തിൽ മാർപാപ്പ നൽകുന്നത്.
രണ്ടാം അധ്യായത്തിൽ ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനെയും ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങൾ പ്രതിപാദിക്കുന്നു. മൂന്നാം അധ്യായത്തില്‍ നിർമിതബുദ്ധിയിൽ ധാർമികതയുടെ ആവശ്യമാണ് മാർപാപ്പ മുന്നോട്ടുവയ്ക്കുന്നത്. സാമൂഹിക പരിവർത്തനത്തിൽ മനുഷ്യന്റെ അന്തസ് കാത്തുസൂക്ഷിക്കുവാനുള്ള ഓര്‍മപ്പെടുത്തലാണ് നാലാം അധ്യായം.
അഞ്ചാം അധ്യായത്തില്‍ ആയുധ വ്യവസായത്തിന്റെ വളർച്ച, ആണവായുധ മത്സരം, പുതിയ സായുധ സംഘങ്ങളുടെ ആവിർഭാവം എന്നിവയെ മാർപാപ്പ അപലപിക്കുന്നു. ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ "റേരും നൊവാരും'എന്ന ചാക്രികലേഖനത്തിന്റെ 135ാം വാർഷികദിനമായ കഴിഞ്ഞ 15ന് ലെയോ പതിനാലാമൻ മാർപാപ്പ ചാക്രികലേഖനത്തിൽ ഒപ്പുവച്ചിരുന്നു.
ഇന്നലെയാണ് ചാക്രികലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. എഐ ഗവേഷണസ്ഥാപനമായ ആന്ത്രോപിക് (യുഎസ്എ) സഹസ്ഥാപകനും കൃത്രിമബുദ്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഗവേഷണമേധാവിയുമായ ക്രിസ്റ്റഫർ ഓലയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇന്നലെ വത്തിക്കാനിലെ സിനഡ് ഹാളിൽ നടന്ന ചടങ്ങിൽ ചാക്രിക ലേഖനം ഔദ്യോഗികമായി പുറത്തിറക്കിയത്.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനം ‘മാഞ്ഞിഫിക്ക ഹുമാനിത്താസ് ’ 25ന് പ്രസിദ്ധീകരിക്കും. മലയാളത്തിൽ ‘മഹത്തായ മനുഷ്യരാശി’ എന്നർഥം വരുന്ന ഈ ചാക്രിക ലേഖനം, കൃത്രിമബുദ്ധി (എഐ)യുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണത്തെ ആസ്പദമാക്കിയുള്ളതാണ്.
പ്രാദേശികസമയം രാവിലെ 11.30ന് വത്തിക്കാനിലെ സിനഡ് ഹാളിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ മാർപാപ്പയും സന്നിഹിതനായിരിക്കും.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിശ്വാസസത്യങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്, സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ കർദിനാൾ മൈക്കിൾ സെർനി എസ്ജെ, ദൈവശാസ്ത്രജ്ഞനും യുകെയിലെ ദുർഹാം യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ. അന്നാ റോളാൻഡ്സ്, എഐ ഗവേഷണസ്ഥാപനമായ ആന്ത്രോപിക് (യുഎസ്എ) സഹസ്ഥാപകനും കൃത്രിമബുദ്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഗവേഷണമേധാവിയുമായ ക്രിസ്റ്റഫർ ഓല, കലിഫോർണിയ സാന്താ ക്ലാര യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ തിയോളജി പ്രഫസർ ലിയോകാഡി ലുഷൊംബൊ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തശേഷം മാർപാപ്പ സമാപന ആശീർവാദം നൽകും.
ലെയോ പതിമൂന്നാമൻ മാർപാപ്പ രചിച്ച ‘റേരും നൊവാരും’ എന്ന സാമൂഹിക ചാക്രിക ലേഖനത്തിന്റെ 135-ാം വാർഷികദിനമായിരുന്ന കഴിഞ്ഞ 15നാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആദ്യ ചാക്രികലേഖനത്തിൽ ഒപ്പുവച്ചത്.
1891 മേയ് 15നാണ് ‘റേരും നൊവാരും’ പ്രസിദ്ധീകരിച്ചത്. സഭയുടെ സാമൂഹ്യ സിദ്ധാന്തങ്ങൾക്ക് അടിത്തറ നൽകിയ ഒരു രേഖകൂടിയാണിത്. തൊഴിൽ, ശമ്പളം, സ്വകാര്യസ്വത്തുക്കൾ, പുതിയ പ്രത്യയശാസ്ത്രങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, കുടുംബങ്ങളുടെ അവകാശങ്ങൾ എന്നിങ്ങനെയുള്ള വിവിധങ്ങളായ കാര്യങ്ങൾ വിശകലനം ചെയ്തുകൊണ്ട് സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ നീതി ഉറപ്പുവരുത്താൻ സഭയ്ക്കുള്ള ഉത്തരവാദിത്വത്തെ എടുത്തുകാണിച്ചുകൊണ്ടുള്ളതായിരുന്നു ഈ ചാക്രികലേഖനം.
ലെയോ പതിമൂന്നാമൻ മാർപാപ്പ തുടക്കം കുറിച്ച വിപ്ലവാത്മകമായ ഈ ആശയങ്ങളെ തുടർന്നും സഭയെ നയിച്ച വിവിധ മാർപാപ്പമാർ പിന്തുടർന്നിട്ടുണ്ട്.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സെപ്റ്റംബർ 25 മുതൽ 28 വരെ ഫ്രാൻസ് സന്ദർശിക്കും.
ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോണിന്റെയും അവിടുത്തെ സഭാ നേതൃത്വത്തിന്റെയും യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണം സ്വീകരിച്ചാണു സന്ദർശനമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാരീസിലെ യുനെസ്കോ ആസ്ഥാനവും മാർപാപ്പ സന്ദർശിക്കും.
2008ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഫ്രാൻസിൽ സന്ദർശനം നടത്തിയിരുന്നു. പാരീസിലും ലൂർദിലുമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
International
വത്തിക്കാൻ സിറ്റി: വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള വിഭാഗീയത ഇന്നും തുടരുന്നുവെന്നത് സത്യമാണെന്നും ഇതു വസ്തുനിഷ്ഠമായ സത്യത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയ ഫൗണ്ടേഷന്റെ ബോർഡംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പരിശുദ്ധ സിംഹാസനത്തിന്റെയും ആഗോളസഭയുടെയും സേവനത്തിനായി വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയം വഹിക്കുന്ന പ്രധാനപ്പെട്ട പങ്ക് എടുത്തുപറഞ്ഞ മാർപാപ്പ, വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന വർധിച്ചുവരുന്ന ധാരണയെ ചെറുക്കേണ്ടതിന്റെ അടിയന്തര ആവശ്യമുണ്ടെന്ന് സഭയ്ക്കു തോന്നിയതിനാലാണു വത്തിക്കാനിൽ ജ്യോതിശാസ്ത്ര നിലയം ആരംഭിച്ചതെന്നു വ്യക്തമാക്കി.
ശാസ്ത്രവും സഭയും വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ പലരും വിസമ്മതിക്കുന്നുവെന്നത് യാഥാർഥ്യമാണ്. ഇത് നാം വസിക്കുന്ന ഗ്രഹത്തിന്റെ ചൂഷണത്തിനു കാരണമാകുന്നു. അതുകൊണ്ടാണ് ശാസ്ത്രസത്യങ്ങളെ സഭ ചേർത്തുനിർത്തുന്നത്- മാർപാപ്പ പറഞ്ഞു.
സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അദ്ഭുതത്തോടെ നോക്കാനുള്ള കഴിവ് യാതൊരു വിഭജനങ്ങളും കൂടാതെ എല്ലാ മനുഷ്യർക്കും നൽകപ്പെട്ടിരിക്കുന്ന ഒരു ദാനമാണ്. ഇത് നമ്മുടെ ഭയങ്ങളെയും വീഴ്ചകളെയും ദൈവത്തിന്റെ വിശാലതയുടെ അടിസ്ഥാനത്തിൽ കാണുന്നതിനും ആശ്വാസം തേടുന്നതിനും നമ്മെ സഹായിക്കുന്നു.
എന്നാൽ, ദൈവം ഉരുവാക്കിയ ഈ പ്രകാശം ഇന്ന് മനുഷ്യനിർമിത വെളിച്ചംകൊണ്ട് നമ്മെ അന്ധരാക്കിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം-മാർപാപ്പ പറഞ്ഞു.
വത്തിക്കാനിലെ ശാസ്ത്രജ്ഞരെ പൊതുജനങ്ങളുമായും ആഗോള ശാസ്ത്രസമൂഹവുമായും അർഥവത്തായ രീതിയിൽ ഇടപഴകാൻ പ്രാപ്തരാക്കുന്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് മാർപാപ്പ നന്ദിയർപ്പിച്ചു.
ദൈവത്തിന്റെ സൃഷ്ടികർമം എല്ലാറ്റിനെയും അതിശയിപ്പിക്കുന്നതിനാൽ പ്രപഞ്ചത്തിന്റെ ഉദ്ഭവവും പ്രവർത്തനങ്ങളും പര്യവേക്ഷണം ചെയ്യാൻ ആഴത്തിൽ വിശ്വാസമുള്ള ആളുകൾ ആകർഷിക്കപ്പെടുന്നതിൽ അതിശയിക്കാനില്ലെന്നും മാർപാപ്പ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: അനുകന്പയും സഹാനുഭൂതിയും ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ക്രിസ്ത്യൻ-മുസ്ലിം സൗഹൃദത്തിന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
വത്തിക്കാനിലെ മതാന്തര സൗഹാർദത്തിനുള്ള കാര്യാലയവും ജോർദാനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഫെയ്ത്ത് സ്റ്റഡീസും തമ്മിലുള്ള എട്ടാമത് സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
‘ആധുനികകാലത്തെ മാനുഷിക അനുകമ്പയും സഹാനുഭൂതിയും’ എന്ന പ്രമേയം മുൻനിർത്തിയായിരുന്നു സംവാദ പരിപാടി. സംവാദത്തിനായി തെരഞ്ഞെടുത്ത പ്രമേയം ഏറെ കാലോചിതമാണെന്നും ഇതു പാർശ്വവത്കരിക്കപ്പെട്ട വികാരങ്ങളല്ല; മറിച്ച്, ഇരു മതപാരമ്പര്യങ്ങളുടെയും അനിവാര്യമായ മനോഭാവങ്ങളും യഥാർഥ മനുഷ്യജീവിതം നയിക്കാനുള്ള കാഴ്ചപ്പാടുകളുമാണെന്നും മാർപാപ്പ പറഞ്ഞു.
മനുഷ്യന്റെ അനുകമ്പയും സഹാനുഭൂതിയും ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ നന്മയെ പ്രതിഫലിപ്പിക്കാനുള്ള ആഹ്വാനമാണെന്നു പറഞ്ഞ മാർപാപ്പ, ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രത്യേക ശ്രദ്ധയും സഹായവും അർഹിക്കുന്നുവെന്ന ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ വാക്കുകളും ഉദ്ധരിച്ചു.
അനുകമ്പയും സഹാനുഭൂതിയും ഇന്ന് സമൂഹത്തിൽ അന്യംനിന്നു പോകുന്നു. സാങ്കേതിക മുന്നേറ്റങ്ങൾ ബന്ധങ്ങളെ അടുപ്പിച്ചുവെങ്കിലും നിസംഗതയിലേക്ക് നമ്മെ തള്ളിവിടുകയാണ്. ഇത് ഗുരുതരമായ ആത്മീയ വെല്ലുവിളികളിലൊന്നാണ്. അതിനാൽ, തണുത്തുറഞ്ഞ മാനവികതയെ പുനരുജ്ജീവിപ്പിക്കുക, കഷ്ടപ്പെടുന്നവർക്ക് ശബ്ദം നൽകുക, നിസംഗതയെ ഐക്യദാർഢ്യമാക്കി മാറ്റുക എന്നീ ഉത്തരവാദിത്വങ്ങൾ ക്രൈസ്തവ-ഇസ്ലാം മതങ്ങൾ ഒരുമിച്ച് ഏറ്റെടുക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
അഭയാർഥികളെ സ്വാഗതം ചെയ്യുന്നതിലും പ്രയാസകരമായ സാഹചര്യങ്ങളിൽ ആവശ്യമുള്ളവരെ സഹായിക്കുന്നതിലും ജോർദാൻ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളെയും മാർപാപ്പ അനുസ്മരിച്ചു.
ചടങ്ങിൽ വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടും പങ്കെടുത്തു.
International
വത്തിക്കാൻ സിറ്റി: സാർവത്രിക സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികദിനം ഇറ്റലിയിലെ മരിയൻ തീർഥാടനകേന്ദ്രത്തിലെത്തി പ്രാർഥിച്ചും ഭിന്നശേഷിക്കാർക്കുള്ള പരിപാലനകേന്ദ്രം സന്ദർശിച്ചും ലെയോ പതിനാലാമൻ മാർപാപ്പ.
നേപ്പിൾസിനടുത്തുള്ള പുരാതന നഗരമായ പോംപെയിൽ ഇന്നലെ രാവിലെ 11.30ഓടെ ഹെലികോപ്റ്ററിലെത്തിയ മാർപാപ്പ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയിൽ, ഇതിന്റെ സ്ഥാപകനായ വിശുദ്ധ ബർത്തോലോ ലോംഗോയുടെ കബറിടത്തിനു മുന്നിൽ പ്രാർഥിച്ചശേഷം പ്രശസ്തമായ ജപമാലരാജ്ഞിയുടെ തിരുസ്വരൂപത്തിനുമുന്നിൽ പൂക്കളർപ്പിച്ചു പ്രാർഥിക്കുകയും ചെയ്തു.
തുടർന്ന് ബസിലിക്കയോടു ചേർന്ന ബാർത്തോലോ ലോംഗോ ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനയിൽ ആയിരങ്ങൾ പങ്കെടുത്തു.
പോംപെ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഈ മരിയൻ തീർഥാടനകേന്ദ്രത്തിൽ എത്താനായത് അനുഗൃഹീതനിമിഷമാണെന്ന് വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. നമ്മുടെ അമ്മയായ മറിയം എപ്പോഴും നമ്മോടു ചേർന്ന് നടക്കാനും നമ്മോട് അടുത്തിരിക്കാനും അവളുടെ മാധ്യസ്ഥ്യത്തിലും സ്നേഹത്തിലും നമ്മെ സഹായിക്കാനും ആഗ്രഹിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. സഭയ്ക്കു മുഴുവനും വേണ്ടിയും ലോകസമാധാനത്തിനുവേണ്ടിയും നമ്മുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥസഹായം തേടി പ്രാർഥിക്കാമെന്നും മാർപാപ്പ പറഞ്ഞു.
തുടർന്ന് ബസിലിക്കയോടു ചേർന്ന് ടെന്പിൾ ഓഫ് ചാരിറ്റി ജീവകാരുണ്യകേന്ദ്രം സന്ദർശിച്ച മാര്‍പാപ്പ അന്തേവാസികളായ ഭിന്നശേഷിക്കാരുമായി സംസാരിച്ചു. ബസിലിക്കയിൽ രോഗികൾ, ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ഉച്ചകഴിഞ്ഞു നേപ്പിൾസ് നഗരത്തിലെത്തിയ മാർപാപ്പ ഇവിടത്തെ കത്തീഡ്രലിൽ വൈദികരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന ദെൽ പ്ലെബിസിറ്റോ ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
International
എതൻസ്: ഗ്രീസിലെ മെഡിറ്ററേനിയൻ ദ്വീപായ ക്രീറ്റിലെ പർവതമേഖലയിൽ കണ്ടെത്തിയ പുതിയയിനം നിശാശലഭത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരു നൽകി ശാസ്ത്രജ്ഞർ. ലത്തീൻ ഭാഷയിൽ പിരാലിസ് പാപ്പാലെയോനി (Pyralis papaleonei) എന്നാണ് ഈ ശലഭം അറിയപ്പെടുക.
ക്രീറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠനം നടത്തുന്നതിനിടയിലാണ് രണ്ടു സെന്റിമീറ്റർ നീളമുള്ള ചിറകുകളും സ്വർണ പാടുകളും വെളുത്ത വരകളുമുള്ള ഇടത്തരം വലുപ്പമുള്ള നിശാശലഭത്തെ കണ്ടെത്തിയതെന്ന് ഇതുസംബന്ധിച്ച് നോട്ട ലെപിഡോപ്റ്റെറോളജിക്ക എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷണം നടത്തിയ ഷഡ്പദ ശാസ്ത്രജ്ഞരായ പീറ്റർ ഹ്യുമെർ, ലൗരി കെയ്ലെ, ആൻഡ്രൂസ് എച്ച്. സെഗെരെർ എന്നിവർ അറിയിച്ചു.
കാലാവസ്ഥാ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ശക്തമായി വാദിക്കുന്നയാളാണു മാർപാപ്പയെന്നും അതിനാൽ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പേര് പുതിയ നിശാശലഭത്തിന് ഇടാൻ തീരുമാനിച്ചതെന്നും ഗവേഷകർ അറിയിച്ചു.
മാർപാപ്പയുടെ ശബ്ദം മാനവരാശിക്ക് മാതൃകയാകട്ടെയെന്നു തങ്ങൾ പ്രത്യാശിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
National
ന്യൂഡൽഹി: അടുത്ത മാസം നടത്തുന്ന യൂറോപ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്.
നോർവേയിലെ ഓസ്ലോയിൽ നടക്കുന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി അടുത്ത മാസം പകുതിയോടെ യൂറോപ്പിലേക്ക് തിരിക്കുന്നത്.
നോർവേയ്ക്കു പുറമെ വത്തിക്കാനും നെതർലാൻഡ്സും സന്ദർശനത്തിന്റെ വേദികളായേക്കുമെന്ന് ദേശീയ മാധ്യമമാണു റിപ്പോർട്ട് ചെയ്തത്.
International
ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അങ്കോളയിലെ സന്ദർശനം പൂർത്തിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഇക്വറ്റോറിയൽ ഗിനിയയിലേക്കു യാത്ര തിരിക്കും. 11 ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ സന്ദർശിക്കുന്ന നാലാമത്തെ രാജ്യമാണിത്.
ഇന്ന് ഉച്ചയ്ക്ക് മുൻ തലസ്ഥാനനഗരമായ മലാബൊയിൽ എത്തിച്ചേരുന്ന മാർപാപ്പയെ പ്രസിഡന്റ് തിയോഡൊറോ ഒബിയാംഗ് ഗുമാ എംബാസൊഗോയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രസിഡന്റുമായും സർക്കാരിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് മലാബൊയിലെ ജീൻ പിയെറെ ഒലി മാനസികാരോഗ്യ ആശുപത്രി സന്ദർശിക്കുന്ന മാർപാപ്പ രോഗികളുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും.
23 വരെ നീളുന്ന സന്ദർശനത്തിൽ മൊൻഗൊമൊയിലെ അമലോത്ഭവമാതാ ബസിലിക്കയിൽ വിശുദ്ധ കുർബാന, തുറമുഖനഗരമായ ബാറ്റയിൽ വിശുദ്ധ കുർബാന, സ്മാരകകേന്ദ്രം സന്ദർശനം, ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച, നാഷണൽ യൂണിവേഴ്സിറ്റി സന്ദർശനം, ബാറ്റ സ്റ്റേഡിയത്തിൽ യുവാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയുൾപ്പെടുന്നു. വ്യാഴാഴ്ച മാലാബൊ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങും.
അങ്കോളൻ സന്ദർശനത്തിന്റെ മൂന്നാംദിനമായ ഇന്നലെ സൗറിമോയിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു.
ഇവിടെയെത്തിയ മാർപാപ്പ ആദ്യം സന്ദർശിച്ചത് സർക്കാർ ഉടമസ്ഥതയിലുള്ള വയോജനകേന്ദ്രമാണ്. പാട്ടു പാടിയും നൃത്തം ചെയ്തും അന്തേവാസികൾ മാർപാപ്പയെ വരവേറ്റു. മടങ്ങുന്നതിനിടെ സൗറിമോ അതിരൂപതയുടെ കത്തീഡ്രൽ പള്ളിയും സന്ദർശിച്ചു.
തുടർന്നായിരുന്നു പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. കുർബാനയിൽ ഒരു ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു.
മാർപാപ്പയുടെ സന്ദർശനം ആഫ്രിക്കൻ വിശ്വാസികൾക്കിടയിൽ വലിയ ഉത്തേജനം പകർന്നിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
International
ലുവാണ്ട: ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി നാലു ദിവസത്തെ കാമറൂൺ സന്ദർശനത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പ അയൽരാജ്യമായ അങ്കോളയിലെത്തി. പ്രാദേശികസമയം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് തലസ്ഥാനമായ ലുവാണ്ടയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാർപാപ്പയെ പ്രസിഡന്റ് ജൊവൊ മാനുവൽ ഗൊൺകാൽവസ് ലൊറേൻസോ സ്വീകരിച്ചു.
തുടർന്ന് അങ്കോളൻ അധികൃതരെ അഭിസംബോധന ചെയ്യവേ യുവാക്കളുടെ ദീർഘവീക്ഷണത്തെയും വയോജനങ്ങളുടെ സ്വപ്നങ്ങളെയും അടിച്ചമർത്തരുതെന്ന് പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡം ലോകത്തിനു സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും കലവറയാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ഇന്നു രാവിലെ ലുവാണ്ടയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള കിലാംബയിൽ എത്തുന്ന മാർപാപ്പ അവിടെ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് മക്സിമ മരിയൻ തീർഥാടനകേന്ദ്രത്തിലെത്തുന്ന മാർപാപ്പ അവിടെ വിശ്വാസികൾക്കൊപ്പം ജപമാല പ്രാർഥന നടത്തും.
നാളെ സൗരിമോ നഗരം സന്ദർശിക്കുന്ന മാർപാപ്പ വയോജനകേന്ദ്രത്തിലെത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. അങ്കോളയിലെ സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെ മാർപാപ്പ ഇക്വാറ്റോറിയൽ ഗിനിയയിലേക്കു യാത്രയാകും. 23ന് വത്തിക്കാനിലേക്കു മടങ്ങും.
കാമറൂൺ സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്നലെ രാവിലെ യൗണ്ടേ വില്ലെയിലെ വിമാനത്താവളത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ രണ്ടു ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. വിമാനത്താവളത്തിൽ എത്തിയ മാർപാപ്പ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് വിശ്വാസികളെ അഭിവാദ്യം ചെയ്തു. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞായിരുന്നു ആളുകൾ വിശുദ്ധ കുർബാനയ്ക്കായി എത്തിയത്.
ട്രംപുമായി വാദപ്രതിവാദത്തിനില്ല:മാർപാപ്പ
ലുവാണ്ട: താൻ ആഫ്രിക്കയിലെത്തിയതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാദപ്രതിവാദം നടത്താനല്ലെന്നും കത്തോലിക്കാ വിശ്വാസികളെ പ്രോത്സാഹിപ്പിക്കാനാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. കാമറൂൺ സന്ദർശനം പൂർത്തിയാക്കി അങ്കോളയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ.
തന്റെ പ്രസംഗങ്ങൾ ആഴ്ചകൾക്കു മുമ്പേ തയാറാക്കിയതാണെന്നു വ്യക്തമാക്കിയ മാർപാപ്പ, യുഎസ് പ്രസിഡന്റുമായി വീണ്ടും വാദപ്രതിവാദത്തിനു താൻ ശ്രമിക്കുന്നതായി വ്യാഖ്യാനിക്കരുതെന്നും അതു തനിക്ക് ഒട്ടും താത്പര്യമില്ലാത്ത കാര്യമാണെന്നും വ്യക്തമാക്കി. തന്റെ പ്രതികരണങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേയാണെന്ന വ്യാഖ്യാനങ്ങൾ തെറ്റാണ്.
തന്നോടൊപ്പമുള്ള മാധ്യമപ്രവർത്തകരുടെ സേവനത്തിനു നന്ദി പറഞ്ഞ മാർപാപ്പ, സമീപദിവസങ്ങളിൽ തന്റെ വാക്കുകൾ എപ്രകാരം വ്യാഖ്യാനിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. അൾജീരിയയിലെയും കാമറൂണിലെയും സന്ദർശനം ഊഷ്മളമായിരുന്നു.
കാമറൂണിൽ ഇമാമുമാരുമായി നടത്തിയ കൂടിക്കാഴ്ച മതാന്തര സംഭാഷണം, ധാരണ, സമാധാനസ്ഥാപനം എന്നിവയോടുള്ള സഭയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
Leader Page
കത്തോലിക്കാ സഭ തങ്ങൾ ആഗ്രഹിച്ചതുപോലെ തങ്ങളുടെ പക്ഷത്താകുന്നില്ല എന്നു പരാതിപ്പെട്ട് ഭഗ്നാശരായി സഭയെയും സഭയുടെ മേലാധ്യക്ഷന്മാരെയും ആക്രമിക്കുന്ന കാഴ്ച പ്രാദേശിക രാഷ്ട്രീയത്തിൽ മുതൽ, മനുഷ്യരാശിയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള യുദ്ധഭീഷണി നിലനിൽക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വരെ നാം കണ്ടുകഴിഞ്ഞു. ഇതിൽ വളരെ ഗൗരവമായത് അന്താരാഷ്ട്ര രാഷ്ട്രീയത്തിലേതു തന്നെ. സഭയെക്കുറിച്ചുള്ള ധാരണ തന്നെയാണ് രണ്ടിടത്തും പ്രശ്നമായത്.
ഒരുവശത്ത് ലോകമനഃസാക്ഷിയുടെതന്നെ സൂക്ഷിപ്പുകാരനായും ധാർമികതയുടെയും സത്യത്തിന്റെയും ശബ്ദവുമായും അറിയപ്പെടുന്ന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലെയോ പതിനാലാമൻ മാർപാപ്പയും, മറുവശത്ത് ലോക പോലീസ് എന്നോ ലോകത്തിന്റെതന്നെ ചക്രവർത്തിയെന്നോ ഒക്കെ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സൈനികശക്തിയുടെ പ്രതിനിധിയായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമാണ്. ട്രംപ് ഇതിനുമുമ്പ് മാർപാപ്പയുടെ വേഷത്തിലുള്ള സ്വന്തം ചിത്രം വങ്കുവച്ചിരുന്നു. ഇപ്പോഴാകട്ടെ അദ്ദേഹം സാക്ഷാൽ ക്രിസ്തുവിന്റെ വേഷത്തിലുള്ള ചിത്രമാണ് പങ്കുവച്ചത്. പ്രാദേശിക രാഷ്ട്രീയത്തിലും സംഘർഷം ഇതുതന്നെയാണ്. ഇവിടെയും മാർപാപ്പയുെട നിലപാടുതന്നെയാണ് നിർഭയമായി സഭ അനുവർത്തിക്കുന്നത്, അതാണ് അനുവർത്തിക്കേണ്ടത്.
ചരിത്രത്തിൽ മുമ്പ് സയന്റിഫിക് സൂപ്പർ പവറും സൈനികശക്തിയുമായിരുന്ന സോവ്യറ്റ് യൂണിയന്റെ നേതാവ് സ്റ്റാലിൻ, മാർപാപ്പയോ? അദ്ദേഹത്തിന് എത്ര ഡിവിഷൻ സൈന്യമുണ്ട് എന്നു ചോദിച്ച് ആക്ഷേപിച്ചതാണ്. അതേ സൂപ്പർ പവറിന്റെ തകർച്ചയ്ക്ക് ധാർമികശക്തിയായ മാർപാപ്പ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ നിമിത്തമായി എന്നുള്ളത് മറ്റൊരു ചരിത്ര സത്യം. സഭയെക്കുറിച്ചുള്ള ചെറിയ മനുഷ്യരുടെ വലിയ തെറ്റിദ്ധാരണയാണ് ഇതിനൊക്കെ കാരണമായിട്ടുള്ളത്.
ചുരുക്കത്തിൽ, രണ്ടു സംവിധാനങ്ങളുടെ, ലോകവീക്ഷണങ്ങളുടെ സംഘർഷത്തിനും അവ തമ്മിലുള്ള വൈരുദ്ധ്യത്തിനും ഇന്ന് ലോകം സാക്ഷിയാണ്. ചരിത്രത്തിൽ ഇതാദ്യമല്ല എന്നുള്ളത് സൂചിപ്പിച്ചല്ലോ. ഇത്തരം സംഘർഷങ്ങളുടെ കഥയും ചരിത്രവും പറയുന്ന, വ്യാഖ്യാനങ്ങളിലൂടെ അവയുടെ അർഥതലങ്ങൾ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന നാടകമാണ് 1934ൽ എഴുതപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരനായ ടി.എസ്. എലിയട്ടിന്റെ "പാറ’ ( The Rock). പത്രോസാകുന്ന പാറമേൽ സഭ പണിയുമെന്ന യേശുവിന്റെ വചനമാണ് ഇതിനാധാരം.
ലണ്ടന്റെ വിവിധ പ്രദേശങ്ങളിൽ ഏകദേശം 45 ആംഗ്ലിക്കൻ, കത്തോലിക്കാ പള്ളികൾ പണിയാനുള്ള പണസമാഹാരണത്തിനുവേണ്ടിയാണ് എലിയട്ട് ഇതെഴുതുന്നത്. എന്നാൽ, പള്ളികൾ വെറും നിർമിതികൾക്കപ്പുറം സഭയെയും, അതിലുപരി ഈ ഭൗതിക സഭയ്ക്കപ്പുറം, ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്ന ഒരു അദൃശ്യമായ ആത്മീയ കൂട്ടായ്മയെയും സൂചിപ്പിക്കുന്നെന്നും ഈ കൂട്ടായ്മയും ലോകത്തിന്റെ രാഷ്ട്രീയക്രമവും തമ്മിലുള്ള വൈരുദ്ധ്യം നിർണായകമാണെന്നും അവയെക്കുറിച്ച് ആഴത്തിലുള്ള ചിന്തകളാണ് ഒരോ പള്ളിപണിയുടെയും അതിന്റെ കൂദശചെയ്യലിന്റെയും പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ടതെന്നും എലിയട്ട് ഉദ്ദേശിക്കുന്നു.
“ജീവിച്ചുതീർക്കുന്നതിനിടയിൽ നമുക്കു നഷ്ടമായ ആ ‘ജീവൻ’ എവിടെ? അറിവുകൾക്കിടയിൽ നമുക്കു നഷ്ടമായ ആ ‘ജ്ഞാനം’ എവിടെ? വിവരങ്ങൾക്കിടയിൽ നമുക്കു നഷ്ടമായ ആ ‘അറിവ്’ എവിടെ?” എന്നുള്ള ചോദ്യത്തോടുകൂടിയാണ് നാടകം തുടങ്ങുന്നത്. “അനന്തമായ ആ ചക്രം ചുറ്റിക്കൊണ്ടിരിക്കുന്നു, തന്റെ ഗതിയിൽ ആ ലോകം എപ്പോഴും പിന്നോട്ടു മാറുന്നു. വിനാശകരമായ വഴികളിലൂടെ നമ്മൾ ഇരുപത് നൂറ്റാണ്ടുകൾ പിന്നിട്ടു, ദൈവത്തിൽനിന്ന് അകന്ന്, പൊടിപടലങ്ങളിലേക്ക് നാം കൂടുതൽ അടുക്കുന്നു.’’ ഇരുപതാം നൂറ്റാണ്ടിലെ സാമ്പത്തിക, രാഷ്ട്രീയ, ശാസ്ത്ര സംസ്കാരത്തെക്കുറിച്ചാണ് എലിയട്ട് വിമർശനം ഉയർത്തുന്നത്.
പ്രധാനമായും ആ സമയത്ത് ഉയർന്നുവന്നുകൊണ്ടിരുന്ന മുതലാളിത്ത വ്യവസ്ഥിതിയാണ് എലിയട്ട് പ്രധാനമായും സൂചിപ്പിക്കുന്നത്. ഈ മുതലാളിത്ത വ്യവസ്ഥിതിയെ നാടകത്തിൽ പ്രതിനിധീകരിക്കുന്നത് ധനാധിപതി (plutocrat) എന്ന കഥാപാത്രമാണ്. സമ്പന്നരുടെ ഭരണമാണല്ലോ പ്ലൂട്ടോക്രസി ( plutocracy) കൊണ്ട് അർഥമാക്കുന്നത്. ലൗകിക സമ്പത്തും അതുകൊണ്ടുള്ള ലാഭവും മാത്രമാണ് ലോകത്തെയും ജീവിതത്തെയും നിയന്ത്രിക്കേണ്ടത് എന്ന് ഇത്തരക്കാർ വിശ്വസിക്കുന്നു. അതിനെന്തും ആകാം എന്ന അധാർമിക ചിന്തയും അവരെ നയിക്കുന്നു. അതിനു സഹായകരമല്ലാത്ത എല്ലാറ്റിനെയും അവർ ഭയക്കുന്നു, അടിച്ചമർത്താൻ ശ്രമിക്കുന്നു; ഒരുതരം ഭ്രാന്തമായ മനോനിലയോടെ. നാടകത്തിൽ ഈ കഥാപാത്രം പള്ളി പണിയുന്നതിനായി പണം ചെലവാക്കുന്നതിനെ എതിർക്കുന്നു. സഭയെയാണ് ഇവിടെ അദ്ദേഹം ഉന്നംവയ്ക്കുന്നത്.
യഥാർഥത്തിൽ ട്രംപിനെപ്പോലെയുള്ള സമ്പന്ന ബിസിനസുകാരായ രാഷ്ട്രീയക്കാർ പ്രതിനിധാനം ചെയ്യുന്നതും ഇത്തരം ഒരു ലോകക്രമത്തെയാണ്. മുതലാളിത്ത മനസ്ഥിതിയുടെ അനിയന്ത്രിതമായ അവസ്ഥ കൂടുതൽ കൂടുതൽ പണസമ്പാദനത്തിലേക്കും അധികാരഭ്രമത്തിലേക്കും ആത്മരതിയിലേക്കും അഹങ്കാരത്തിലേക്കും ആധ്യാത്മിക നിരാസത്തിലേക്കുമൊക്കെ നയിക്കുമെന്ന സൂചനയുമുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയെക്കുറിച്ചുള്ള ഗുറ്റാറിയുടെയും ഡെലൂസിന്റെയും പ്രസിദ്ധമായ പഠനത്തിന്റെ പേരു തന്നെ "വിഭ്രാന്തിജനകമായ മനോരോഗവും മുതലാളിത്ത വ്യവസ്ഥിതിയും’ എന്നാണല്ലോ. ഈ വ്യവസ്ഥിതി ഇതിന്റെ നേതാക്കളിലും ഇരകളിലും ഒരുതരം ഉന്മദാവസ്ഥ സൃഷ്ടിക്കുന്നു എന്നുള്ളതാണ്. പ്ലുട്ടോക്രറ്റ് ആയ ട്രംപിനെപ്പോലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ദ്രിയ വിഭ്രാന്തി പോലും സംഭവിക്കാം.
പ്ലുട്ടോക്രറ്റിനെ കൂടാതെ, പ്രക്ഷോഭകാരി (agitator), ചെങ്കുപ്പായം (communism), കരിങ്കുപ്പായം (fascism) എന്നീ കഥാപാത്രങ്ങൾ ആധുനിക യുഗത്തിന്റെ മറ്റ് ആധ്യാത്മിക പ്രതി സന്ധികളെയും സൂചിപ്പിക്കുന്നു. എന്നാൽ ഇതിന് വിരുദ്ധമായ ആധ്യാത്മികശക്തിയെ സൂചിപ്പിക്കുന്ന കഥാപാത്രമാണ് "പാറ’. പത്രോസുതന്നെയാണ് താനെന്ന് പാറ ഒരു കൊച്ചു കുട്ടിയോട് വെളിപ്പെടുത്തുന്നു. കുട്ടികളുടെതുപോലുള്ള നൈർമല്യം ഈ വെളിപ്പെടുത്തലിന് ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു. ഫലത്തിൽ, സഭയുടെ ആധ്യാത്മിക അധികാര കേന്ദ്രമായ, നന്മ തിന്മകളെ വിട്ടുവിഴ്ചയില്ലാതെ അടയാളപ്പെടുത്തുന്ന പത്രോസിന്റെ പിൻഗാമിയും യേശുവിന്റെ പ്രതിനിധിയുമായ സഭയുടെ (മാർപാപ്പയുടെ) ആധ്യാത്മിക അധികാരത്തെയാണ് സൂചിപ്പിക്കുന്നത്.
പ്ലുട്ടോക്രറ്റിന്റെ അധികാരഭ്രമവും "ദ റോക്ക്’, ആയ മാർപാപ്പ പ്രതിനിധീകരിക്കുന്ന ആത്മീയസത്യവും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്ന നാടകത്തിലെ ഒരു വാചകം പ്രധാനമാണ്: “ദ റോക്ക് പ്രതിനിധീകരിക്കുന്ന ശാശ്വതമായ ആത്മീയസത്യത്തിനു മുന്നിൽ, പണവും ബാങ്കുകളുമാണ് ലോകത്തെ ഭരിക്കുന്നതെന്ന പ്ലുട്ടോക്രറ്റിന്റെ വിശ്വാസം കേവലം ഒരു അധികാരഭ്രമം മാത്രമാണ്.’’ ഫലത്തിൽ ലെയോ മാർപാപ്പയോടുള്ള പ്രസിഡന്റ് ട്രംപിന്റെ എതിർപ്പിനു കാരണം നാടകത്തിലൂടെ വായിച്ചെടുക്കാം.
മാർപാപ്പ ലോകസമാധാനത്തിനായി മനഃസാക്ഷിയുടെ സ്വരം ശ്രവിക്കാൻ ആഹ്വാനം ചെയുമ്പോൾ, ട്രംപാകട്ടെ ഷേക്സ്പിയറിന്റെ ദി ടെമ്പേസ്റ്റ് എന്ന നാടകത്തിലെ അന്റോണിയോയെപ്പോലെ ചോദിക്കുന്നു: “അതെ സർ; അത് (മനഃസാക്ഷി) എവിടെയാണ് ഇരിക്കുന്നത്? അതൊരു കാൽപ്പുണ്ണായിരുന്നെങ്കിൽ എനിക്ക് ചെരിപ്പിടേണ്ടിവരുമായിരുന്നു. എന്നാൽ എന്റെ നെഞ്ചിനുള്ളിൽ അങ്ങനെയൊരു ദൈവത്തെ ഞാൻ അനുഭവിക്കുന്നില്ല.’’ വലിയ പ്ലുട്ടോക്രറ്റുകളുടെ ദുര്യോഗമാണിത്, അതിന്റെ അനന്തരഫലം അനുഭവിക്കുന്നതാകട്ടെ നിഷ്കളങ്കരായ അനേകം ജനങ്ങളും.
എലിയട്ടാകട്ടെ ഇത്തരം സന്ദർഭങ്ങളുടെയും എതിർപ്പുകളുടെയും സംഹാരശ്രമങ്ങളുടെയും ചരിത്രവും ഓർമപ്പെടുത്തുന്നു. കുരിശുയുദ്ധങ്ങളെക്കുറിച്ചും സഭയെ പീഡിപ്പിച്ച റോമൻ ചക്രവർത്തിമാരായ നീറോയെയും ഡേഷ്യസിനെയും ഹെൻറി എട്ടാമനെയും ഒക്കെക്കുറിച്ച് നാടകം സൂചിപ്പിക്കുന്നു. ഇതിനെയെല്ലാം അതിജീവിച്ച, അതിജീവിക്കുന്ന അദ്ഭുതകരമായ സഭയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നാടകം അവസാനിക്കുന്നത്: “നമുക്കെല്ലാവർക്കുമായി ഒരു സഭയും, നമുക്കെല്ലാവർക്കുമായി അധ്വാനവും, നമുക്കെല്ലാവർക്കുമായി ദൈവത്തിന്റെ ഈ ലോകവും - അന്ത്യം വരെയും (അവസാനത്തെ വ്യക്തി വരെയും) ഒരുപോലെ ഉണ്ടാകട്ടെ.’’ “നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല.’’ ഇപ്പോൾ ഇരുട്ട്, പിന്നീട്... “വെളിച്ചം’’ എന്ന ഓർമപ്പെടുത്തലും ഉണ്ട്. കൂടാതെ, സഭ എപ്പോഴും പണിതുകൊണ്ടിരിക്കണം; കാരണം, അത് ഉള്ളിൽനിന്ന് നിരന്തരം ക്ഷയിച്ചുകൊണ്ടിരിക്കുകയും പുറത്തുനിന്ന് ആക്രമിക്കപ്പെടുകയും ചെയ്യുന്നു.
അതാണ് പള്ളിപണി യഥാർഥത്തിൽ സൂചിപ്പിക്കുന്നത്. വിശുദ്ധ പത്രോസാണ് അദ്ഭുതകരമായി പള്ളി കൂദാശ ചെയ്യുന്നത്. അതിനുശേഷം അദ്ദേഹം അപ്രത്യക്ഷനാകുകയാണ്. അങ്ങനെ മാർപാപ്പയും സഭയും, ഇക്കാലത്തെ പ്ലുട്ടോക്രട്ടുകളുമായുള്ള സംഘർഷങ്ങൾക്ക് വലിയ അർഥതലങ്ങൾ നൽകാൻ ധ്വന്യാത്മകമായ ഈ നാടകം സഹായിക്കുന്നു. പ്രാദേശികമാണെങ്കിലും അന്തർദേശീയമാണെങ്കിലും ഇത്തരം സംഘർഷങ്ങളിൽ സഭയ്ക്ക് എന്നും സഹായകമായിട്ടുള്ളത് ഈ ആധ്യാത്മികശക്തി മാത്രമാണ്.
അതില്ലാതെ വരുമ്പോഴാണ് വാക്കുകളിലാണെങ്കിലും ദ്വേഷത്തിന്റെയും അക്രമത്തിന്റെയും ധ്വനി വരുന്നത്. ഭൗതികമായി അമേരിക്കയിൽനിന്നാണ് വരുന്നതെങ്കിലും ലെയോ പാപ്പായെ നിയന്ത്രിക്കുന്നത് ആത്മീയശക്തിയും, ധൈര്യവുമാണ്. ഈ മാതൃകയാണ് പ്രാദേശിക സഭാ നേതൃത്വവും ഉൾകൊള്ളേണ്ടത്. “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും'' - ഇതാണല്ലോ ബൈബിൾ വചനം.
"റിച്ചാർഡ് രണ്ടാമൻ' എന്ന നാടകത്തിൽ രാജാധികാരത്തെ സൂചിപ്പിക്കാൻ ഷേക്സ്പിയർ ഉപയോഗിക്കുന്ന വാക്കുകൾ തികച്ചും ജനാധിപത്യ ബോധത്തോടെ, ലോകക്ഷേമത്തെ മുൻനിർത്തി സഭയുടെ, മാർപാപ്പയുടെ ധാർമിക ശക്തിയുടെ ആത്യന്തിക വിജയത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കാം. “ക്ഷോഭിച്ചാർക്കുന്ന സമുദ്രജലത്തിനുപോലും, അഭിഷിക്തനായൊരു രാജാവിന്റെ വിശുദ്ധ തൈലത്തെ കഴുകിമാറ്റാനാവില്ല; മർത്ത്യരുടെ കേവലം നിശ്വാസത്തിനാൽ, ദൈവതിരുമനസാൽ നിയോഗിതനായ പ്രതിപുരുഷനെ സ്ഥാനഭ്രഷ്ടനാക്കാനുമാവില്ല.’’ പ്ലുട്ടോക്രറ്റുകൾ പരാജയപ്പെടുമെന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം, ധാർമിക ശക്തിയുടെ വിജയവും.
International
അൾജിയേഴ്സ്: ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനത്തിനിടെ അൾജീരിയയിൽ ഇരട്ട ചാവേർ സ്ഫോടനങ്ങൾ നടന്നിരുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച മാർപാപ്പ അൾജീരിയൻ തലസ്ഥാനമായ അൾജിയേഴ്സിൽ എത്തി മണിക്കൂറുകൾക്കമായിരുന്നു സംഭവം.
അൾജിയേഴ്സിൽനിന്ന് 45 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് ബ്ലിഡ നഗരത്തിലെ തെരുവുകളിലാണ് സ്ഫോടനങ്ങളുണ്ടായത്. ചാവേറുകൾക്കു പുറമേ മറ്റാരും മരിച്ചില്ല.
സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ വീഡിയോ പരിശോധിച്ച് സ്ഫോടനങ്ങൾ നടന്നതായി സ്ഥിരീകരിച്ചു.
എന്നാൽ, അൾജീരിയൻ ഭരണകൂടം രണ്ടു ചാവേർ ആക്രമണങ്ങളും സ്ഥിരീകരിക്കാൻ ഇന്നലെ വരെ തയാറായിട്ടില്ല. മാർപാപ്പയുടെ സന്ദർശനവും സ്ഫോടനങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതിലും വ്യക്തതയില്ല.
ലെയോ മാർപാപ്പയുടെ നാല് ആഫ്രിക്കൻ രാജ്യങ്ങളിലെ പര്യടനത്തിന്റെ തുടക്കം അൾജീരിയയിൽ ആയിരുന്നു. അൾജീരിയ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് അദ്ദേഹം.
International
ബമേണ്ട (കാമറൂൺ): യുദ്ധത്തിനെതിരേയും അത് ആസൂത്രണം ചെയ്യുന്നവർക്കെതിരേയും വീണ്ടും മുന്നറിയിപ്പുമായി ലെയോ പതിനാലാമൻ മാർപാപ്പ.
നശിപ്പിക്കാൻ ഒരു നിമിഷം മതി, പക്ഷേ പുനർനിർമിക്കാൻ പലപ്പോഴും ഒരു ജീവിതകാലം മതിയാകില്ലെന്ന വസ്തുത യുദ്ധത്തിന്റെ യജമാനന്മാർക്ക് അറിയാമെന്നും എന്നാൽ ഇക്കാര്യം അംഗീകരിക്കുന്നില്ലെന്ന് നടിക്കുന്ന ഇവർ ആയുധങ്ങൾക്കായി കോടികൾ ചെലവഴിക്കുകയും യുദ്ധത്തിന്റെ കെടുതികൾക്കിരയാകുന്നവരെ സഹായിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ വടക്കുപടിഞ്ഞാറൻ നഗരമായ ബമേണ്ടയിൽ നടന്ന സമാധാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
സമാധാനം എന്നത് കണ്ടുപിടിക്കേണ്ട ഒന്നല്ല. മറിച്ച്, നമ്മുടെ അയൽക്കാരനെ നമ്മുടെ സഹോദരനോ സഹോദരിയോ ആയി സ്വീകരിക്കുമ്പോൾ നാം കണ്ടെത്തുന്ന ഒന്നാണ് -മാർപാപ്പ പറഞ്ഞു.
വിഘടനവാദികളും സർക്കാരും തമ്മിൽ തുടരുന്ന സായുധസംഘർഷത്തെ പരാമർശിച്ച്, കാമറൂണിനെ ബാധിക്കുന്ന പ്രതിസന്ധി ക്രിസ്ത്യൻ, മുസ്ലിം സമൂഹങ്ങളെ എങ്ങനെ കൂടുതൽ അടുപ്പിച്ചുവെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി: “തീർച്ചയായും, നിങ്ങളുടെ മതനേതാക്കൾ സമാധാനത്തിനായുള്ള ഒരു പ്രസ്ഥാനം സ്ഥാപിക്കാൻ ഒത്തുചേർന്നിരിക്കുന്നു, അതിലൂടെ അവർ എതിർകക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നു.” ലോകമെമ്പാടുമുള്ള മറ്റു സ്ഥലങ്ങളിലും ഇതു സാധ്യമാകുമെന്ന തന്റെ പ്രതീക്ഷയും ആഗ്രഹവും മാർപാപ്പ പങ്കുവച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ധാതുവിഭവങ്ങൾ ആയുധങ്ങൾക്കായി ഉപയോഗിക്കുന്നതിനെ വിമർശിച്ച മാർപാപ്പ, ദൈവത്തിന്റെ സൃഷ്ടിയുടെ ഈ ചൂഷണത്തെ അപലപിക്കാനും നിരസിക്കാനും എല്ലാവരും തയാറാകണമെന്നും അഭ്യർഥിച്ചു.
ബമേണ്ടയിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന സമാധാന സമ്മേളനത്തിൽ രാഷ്ട്രീയ നേതാക്കളും വിവിധ മതങ്ങളുടെ പ്രതിനിധികളും യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചവരും പങ്കെടുത്തു. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന നിത്യാരാധന ചാപ്പലിൽ മാർപാപ്പ അല്പസമയം പ്രാർഥിച്ചു.
പിന്നീട് ബമേണ്ട ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. ലക്ഷക്കണക്കിനു വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വൈകുന്നേരത്തോടെ തലസ്ഥാനമായ യൗണ്ടെയിലേക്കു പോയ മാർപാപ്പ ഇന്ന് ഗിനിയ ഉൾക്കടലിലെ പ്രധാന തുറമുഖവും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനവുമായ ഡുവാല നഗരത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ഇവിടുത്തെ ജാപൊമ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
സായുധസേനയും സായുധ വിഘടനവാദ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്ന ബമേണ്ടയിലെ മാർപാപ്പയുടെ സന്ദർശനത്തിലൂടെ സമാധാനം ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ജനങ്ങൾ. മാർപാപ്പയുടെ സന്ദർശനം പ്രമാണിച്ച് വിഘടനവാദി സംഘടനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
ബുധനാഴ്ച രാവിലെ പ്രാദേശികസമയം 10.15നാണ് അൾജിയേഴ്സിലെ ഹൗറി ബൗമെഡിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മാർപാപ്പയും സംഘവും കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിലേക്കു യാത്ര തിരിച്ചത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.20ന് (ഇന്ത്യന്‍ സമയം രാത്രി 07.50) യൗണ്ടെയിലെ എൻസിമാലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന മാർപാപ്പയെ ഏറെ ആവേശത്തോടെയാണു രാജ്യത്തെ ഭരണാധികാരികൾ എതിരേറ്റത്.
കാമറൂണ്‍ പ്രസിഡന്റ് പോൾ ബിയയുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ സിസ്റ്റേഴ്സ് ഓഫ് ദ പൂവേഴ്സ് നടത്തുന്ന അനാഥാലയവും സന്ദർശിച്ചു. തുടർന്ന് കാമറൂണിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടായിരുന്നു.
കാമറൂൺ സന്ദർശനം പൂർത്തിയാക്കി നാലുദിവസത്തെ സന്ദർശനത്തിനായി മാർപാപ്പ നാളെ അങ്കോളയിലേക്കു യാത്രതിരിക്കും. 21ന് ഇക്വറ്റോറിയൽ ഗിനിയയിലെത്തുന്ന മാർപാപ്പ മൂന്നു ദിവസത്തെ സന്ദർശനത്തിനുശേഷം 23ന് വത്തിക്കാനിലേക്ക് മടങ്ങും.
International
അള്‍ജിയേഴ്സ്: ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അള്‍ജീരിയന്‍ സന്ദര്‍ശനത്തിനു തുടക്കമായി. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ അള്‍ജീരിയയില്‍ സന്ദര്‍ശനം നടത്തുന്നത്. പത്തു ദിവസം നീളുന്ന ആഫ്രിക്കന്‍ സന്ദര്‍ശനത്തിനാണ് മാര്‍പാപ്പ തുടക്കം കുറിച്ചിരിക്കുന്നത്.
അള്‍ജിയേഴ്സ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഴാംഗ് വാല് വെസ്കോ മാര്‍പാപ്പയെ സ്വീകരിച്ചു. ഇന്നലെ വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തിനുശേഷം അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരത്തില്‍ ജീവന് വെടിഞ്ഞവരുടെ സ്മരാണര്‍ഥം നിര്‍മിച്ച മഖാം എച്ചാഹിദ് രക്തസാക്ഷി സ്മാരകത്തില്‍ മാര്‍പാപ്പ ആദരാഞ്ജലി അര്‍പ്പിച്ചു. സമാധാനത്തിനും അനുരഞ്ജനത്തിനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
99 ശതമാനം ഇസ്ലാം മത വിശ്വാസികളുള്ള രാജ്യമാണ് അള്‍ജീരിയ. കത്തോലിക്കര്‍ വളരെ ചെറിയ ന്യൂനപക്ഷമാണ്. മാര്‍പാപ്പയുടെ ആത്മീയ വഴികാട്ടിയായ വിശുദ്ധ അഗസ്റ്റിന്റെ ജന്മനാടാണ് അള്‍ജീരിയ. അഗസ്റ്റീനിയന്‍ സഭാംഗമാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ.
അള്ജീരിയയ്ക്കുശേഷം കാമറൂണ്‍, അംഗോള, ഇക്വറ്റോറിയന്‍ ഗിനിയ എന്നീ രാജ്യങ്ങളും മാര്‍പാപ്പ സന്ദര്‍ശിക്കും.
International
വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനം വീണ്ടെടുക്കാനും യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കാനും വേണ്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ജാഗരണപ്രാർഥന നടത്തി.
പ്രാദേശികസമയം ഇന്നലെ വൈകുന്നേരം ആറിനു നടന്ന പ്രാർഥനയിൽ കർദിനാൾമാരും ബിഷപ്പുമാരും വത്തിക്കാനിലെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും ലോകമെങ്ങുനിന്നും എത്തിയ നിരവധി തീർഥാടകരും പങ്കെടുത്തു.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽനിന്ന് എത്തിച്ച സമാധാനദീപമാണു പ്രാർഥനാവേദിയിൽ പ്രതിഷ്ഠിച്ചത്. ഈ ദീപത്തിൽനിന്നു കൊളുത്തിയ മെഴുകുതിരികളും വഹിച്ചാണു വിശ്വാസികൾ മാർപാപ്പയ്ക്കൊപ്പം സമാധാനപ്രാർഥനയിൽ പങ്കെടുത്തത്.
അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് അഞ്ചുപേർ ബലിവേദിയിലെ ദീപത്തിൽനിന്നു കൊളുത്തിയ ദീപം വിശ്വാസികളിലേക്ക് പകർന്നു. സമാധാനത്തിന്റെ വരം നൽകി ലോകത്തെ മുഴുവൻ അനുഗ്രഹിക്കണമേഎന്ന പ്രാർഥനയോടെയാണു വിശ്വാസികൾക്കു മാർപാപ്പ ആശീർവാദം നൽകിയത്.
മാർപാപ്പയ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളും ടെലിവിഷൻ-ഓൺലൈൻ മാധ്യമങ്ങൾ മുഖേന പ്രാർഥനയിൽ പങ്കുചേർന്നു.
International
വത്തിക്കാൻ സിറ്റി: മരണകരമായ പ്രവൃത്തികൾ ആസൂത്രണം ചെയ്യുന്നത് അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും മധ്യസ്ഥതയുടെയും മേശയിൽ ഇരിക്കാനും ലോകനേതാക്കളോട് ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സമാധാനത്തിനായി നടത്തിയ പ്രാർഥനാവേളയിൽ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
യുദ്ധത്തിന്റെ യുക്തി നിരസിക്കുന്നത് തെറ്റിദ്ധാരണയ്ക്കും അവഹേളനത്തിനും കാരണമായാലും സഭ എല്ലായ്പ്പോഴും സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതു തുടരുമെന്നും ഏതെങ്കിലും മനുഷ്യാധികാരത്തേക്കാൾ ദൈവത്തോടുള്ള അനുസരണം എല്ലായ്പ്പോഴും വളർത്തുമെന്നും മാർപാപ്പ വ്യക്തമാക്കി.
സംഘർഷമേഖലകളിലെ കുട്ടികളിൽനിന്ന് എനിക്ക് എണ്ണമറ്റ കത്തുകൾ ലഭിക്കുന്നു.അവ വായിക്കുമ്പോൾ ചില മുതിർന്നവർ അഭിമാനത്തോടെ വീമ്പിളക്കുന്ന പ്രവൃത്തികളുടെ എല്ലാ ഭീകരതയും മനുഷ്യത്വമില്ലായ്മയും നിഷ്കളങ്കതയുടെ കണ്ണിലൂടെ ഒരാൾക്കു മനസിലാകും. നമുക്ക് കുട്ടികളുടെ ഈ ശബ്ദങ്ങൾ കേൾക്കാം’’-മാർപാപ്പ പറഞ്ഞു.
തന്നോടൊപ്പം നേരിട്ടും അല്ലാതെയും പ്രാർഥനയിൽ പങ്കെടുത്ത എല്ലാവർക്കും മാർപാപ്പ നന്ദി പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു.
അപ്പസ്തോലിക് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമായും ലോകത്തിലെ സംഘർഷങ്ങളും ചർച്ചകളിലുടെ അതു പരിഹരിക്കേണ്ടതിന്റെ അനിവാര്യതയുമാണ് മാർപാപ്പ ചൂണ്ടിക്കാട്ടിയത്. മക്രോണിനൊപ്പം ഭാര്യ ബ്രിജീത്തുമുണ്ടായിരുന്നു.
മാർപാപ്പയെ സന്ദർശിച്ചശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, രാജ്യങ്ങളുമായും രാജ്യാന്തര സംഘടനകളുമായുമുള്ള വത്തിക്കാൻ കാര്യാലയം സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഗർ എന്നിവരുമായും മക്രോൺ ചർച്ച നടത്തി.
International
വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രത്യേക പ്രാർഥന നടക്കും.
പ്രാദേശികസമയം വൈകുന്നേരം ആറിന് (ഇന്ത്യൻ സമയം രാത്രി 9.30) ആണു പ്രാർഥന. മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേരാൻ ലോകമെങ്ങുമുള്ള വിവിധ മെത്രാൻ സമിതികൾ വിശ്വാസികളോട് അഭ്യർഥിച്ചിട്ടുണ്ട്.
ഉത്ഥാനത്തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിലാണു പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിൽ സമാധാനത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാർഥന നടത്തുന്ന കാര്യം മാർപാപ്പ അറിയിച്ചത്.
International
വത്തിക്കാൻ സിറ്റി: പ്രഥമ ആഫ്രിക്കൻ സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ അടുത്ത തിങ്കളാഴ്ച യാത്ര പുറപ്പെടും. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അള്‍ജീരിയയിലേക്കുള്ള സന്ദര്‍ശനത്തോടെയാണ് മാർപാപ്പയുടെ ആഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്.
23 വരെ നീണ്ടുനിൽക്കുന്ന പര്യടനത്തിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശവുമായി 11 നഗരങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ ഇവിടങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും.
വിവിധ വേദികളിലായി 25 പ്രഭാഷണങ്ങൾ നടത്തും. ഭരണനേതൃത്വങ്ങളുമായി കൂടിക്കാഴ്ച, വിവിധ മതനേതാക്കളുമായും മെത്രാന്മാരും വൈദികരുമായും വിശ്വാസികളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നിവയുമുണ്ടാകും. അൾജീരിയയിൽ മതാന്തര സംവാദത്തിലും കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിൽ സമാധാന സമ്മേളനങ്ങളിലും മാർപാപ്പ പങ്കെടുക്കും. മൂന്നു ദിവസത്തെ അൾജീരിയൻ സന്ദർശനത്തിനായി തിങ്കളാഴ്ച തലസ്ഥാനമായ അൾജിയേഴ്സിൽ എത്തുന്ന മാർപാപ്പ പ്രസിഡന്റ് അബ്ദുൽ മജീദ് തബ്ബൂണുമായി കൂടിക്കാഴ്ച നടത്തും.
ലോകത്തിലെതന്നെ ഏറ്റവും വലിയ മുസ്ലിം പള്ളികളിലൊന്നായ അൾജിയേഴ്സിലെ ഗ്രാൻഡ് മോസ്ക് മാർപാപ്പ സന്ദർശിക്കും. മതസൗഹാർദത്തിന്റെ വലിയൊരു സന്ദേശം ഈ സന്ദർശനത്തിലൂടെ നൽകാനാണ് വത്തിക്കാൻ ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമായാണ് മുസ്ലിം ഭൂരിപക്ഷ രാജ്യമായ അൾജീരിയ ഒരു മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. മതസംവാദത്തിനേക്കാള് ഉപരിയായി മാനുഷിക കൂട്ടായ്മയ്ക്കായിരിക്കും മാർപാപ്പ യാത്രയില്‍ പ്രാധാന്യം നല്‍കുകയെന്ന് അള്‍ജിയേഴ്സ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജീന്‍ പോള്‍ വെസ്കോ പറഞ്ഞു.
താന്‍ അംഗവും മുമ്പ് തലവനുമായിരുന്ന അഗസ്റ്റീനിയന്‍ സന്യാസസഭയുടെ ആത്മീയപിതാവായ വിശുദ്ധ അഗസ്റ്റിന്റെ നാടാണ് അള്‍ജീരിയ എന്നതും മാർപാപ്പയുടെ യാത്രയെ വേറിട്ടതാക്കുന്നു. വിശുദ്ധ അഗസ്റ്റിന് ബിഷപ്പായിരുന്ന പുരാതന നഗരമായ ഹിപ്പോ (ഇന്നത്തെ അന്നബ) മാർപാപ്പ സന്ദര്‍ശിക്കും. അള്‍ജീരിയയുടെ ചരിത്രത്തിന്റെ ഭാഗമായ അഗസ്റ്റിനെ ഒരു ക്രൈസ്തവ വിശുദ്ധനായി മാത്രമല്ല, ആ മണ്ണിന്റെ പുത്രനായാണ് അള്‍ജീരിയന്‍ ജനതയും കാണുന്നത്.
അൾജീരിയയിലെ ആഭ്യന്തരയുദ്ധത്തിനിടെ 1996 മാർച്ച് 26നും 27നുമായി ടിബ്ഹിറിന് ആശ്രമത്തിലെ ഏഴ് ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസികള്‍ കൊല്ലപ്പെട്ടതിന്റെ മുറിപ്പാടുകള്‍ ഇന്നും പേറുന്നവരാണ് അള്‍ജീരിയന്‍ ക്രൈസ്തവര്‍. ആശ്രമത്തിലേക്ക് ഇരച്ചെത്തിയ സായുധ ഇസ്ലാമിക് സംഘം ഏഴു സന്യാസിമാരെയും തട്ടിക്കൊണ്ടുപോയി രണ്ടു മാസത്തോളം തടവിൽ പാർപ്പിച്ചശേഷം മേയ് 21ന് വധിച്ചു.
ഈ പുണ്യാത്മാക്കളുടെ ഛേദിക്കപ്പെട്ട ശിരസുകൾ മാത്രമാണു ലഭിച്ചത്. ഈ സംഭവത്തിന്റെ 30-ാം വാര്‍ഷികത്തിലാണ് മാർപാപ്പയുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട രണ്ട് സന്യാസിമാരുടെ വസതികള്‍ മാർപാപ്പ സന്ദര്‍ശിക്കും.
International
വത്തിക്കാൻ സിറ്റി: സംഘർഷങ്ങളും വിദ്വേഷവും നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെ നറുമണവും പ്രകാശവും പരത്താൻ മെത്രാന്മാരോടും വൈദികരോടും വിശ്വാസികളോടും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ രാവിലെ മൂറോൻ കൂദാശയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയിൽ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
എല്ലാ ക്രൈസ്തവരും ക്രിസ്തുവിന്റെ നിയോഗം തുടരാനാണു വിളിക്കപ്പെട്ടിരിക്കുന്നത്. തങ്ങളുടേതായ വിളിയനുസരിച്ചും പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചും മറ്റുള്ളവർക്കൊപ്പവും ഈ നിയോഗം നാം തുടരേണ്ടതുണ്ടെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലെ അംഗങ്ങൾ എന്ന നിലയിൽ എല്ലാ ക്രൈസ്തവരും, പ്രത്യേകിച്ച് അഭിഷിക്തരായവർ ദൈവജനത്തിന് ശുശ്രൂഷ ചെയ്യാനായി അയയ്ക്കപ്പെട്ടവരാണ്.
നമ്മുടെ വ്യക്തിപരമായ താത്പര്യങ്ങളും ബന്ധങ്ങളും മാറ്റിവച്ചു വേണം അതു നിർവഹിക്കേണ്ടത്. ഇന്നലെകളുമായുള്ള അനുരഞ്ജനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ മാർപാപ്പ, അത്തരമൊരു പ്രവൃത്തി സമാധാനപൂർണമായ ജീവിതത്തിന് ആവശ്യമാണെന്നും ഓർമിപ്പിച്ചു.
ക്രൈസ്തവനിയോഗമനുസരിച്ച് ജീവിക്കുമ്പോൾ മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടാനും തെറ്റിദ്ധരിക്കപ്പെടാനുമുള്ള സാധ്യതകളും മുന്നിലുണ്ട്. കുരിശുകൾ അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോകണം. അതിന് സമൂഹത്തിലും നമ്മിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവുണ്ട്.
പരാജയങ്ങളുടെയും കുറവുകളുടെയും മുന്നിൽ ദൈവത്തിന്റെ കൃപയിലും അനുഗ്രഹങ്ങളിലും ശരണം വച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതുണ്ട്. വിശുദ്ധരുടെ ജീവിതം ഇതാണ് നമുക്കു കാണിച്ചുതരുന്നത്. ഭയം വെടിഞ്ഞ്, ധൈര്യപൂർവം ഈശോമിശിഹായുടെ മരണവും പുനരുത്ഥാനവും പ്രഘോഷിക്കാൻ നമുക്കാകണം -മാർപാപ്പ പറഞ്ഞു.
റോം രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ പ്രാദേശികസമയം ഇന്നലെ വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം രാത്രി ഒന്‍പത്) നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പ 12 വൈദികരുടെ പാദം കഴുകി.
ഇതില്‍ 11 വൈദികർ പേര് കഴിഞ്ഞ വർഷം മേയ് 31ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ മാർപാപ്പയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചവരാണ്. പരന്പരാഗതമായി കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പമാർ വൈദികരുടെ പാദമാണു കഴുകിവന്നിരുന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് ഇതിനു മാറ്റം വരുത്തിയത്.
തിരുക്കർമങ്ങളെത്തുടർന്ന് സെന്റ് ഫ്രാൻസിസ് ചാപ്പലിലെ അൾത്താരയിലേക്ക് ലെയോ മാർപാപ്പ പരിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ചു. തുടർന്നു വൈകുംവരെ ആരാധന ഉണ്ടായിരുന്നു. ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന പീഡാനുഭവ തിരുക്കർമങ്ങളിലും രാത്രിയിൽ റോമിലെ കൊളോസിയത്തിനു ചുറ്റിലും നടക്കുന്ന കുരിശിന്റെ വഴിയിലും മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
International
റോം: റോമിലെ കൊളോസിയത്തില്‍ ഇന്നു നടക്കുന്ന കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും ലെയോ പതിനാലാമന്‍ മാർപാപ്പ കുരിശ് വഹിക്കും.
സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ലെയോ മാർപാപ്പയുടെ പ്രഥമ ദുഃഖവെള്ളിയാചരണമാണിത്. പതിറ്റാണ്ടുകൾക്കുമുന്പ് ആരംഭിച്ച പാരമ്പര്യത്തില്‍ ഒരു മാർപാപ്പ കുരിശിന്റെ വഴിയില്‍ ഉടനീളം കുരിശ് വഹിക്കുന്നത് ഇതാദ്യമായിട്ടാണ്.
ലെയോ മാർപാപ്പയുടെ മുൻഗാമികളായ ബെനഡിക്ട് പതിനാറാമനും വിശുദ്ധ ജോൺ പോൾ രണ്ടാമനും കൊളോസിയത്തിലെ കുരിശിന്റെ വഴിയുടെ ആരംഭത്തിലും സമാപനത്തിലും മാത്രമാണ് കുരിശ് വഹിച്ചിരിന്നത്.
ഫ്രാന്‍സിസ് മാർപാപ്പ അനാരോഗ്യം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്തിരിന്നില്ല. പകരം അദ്ദേഹം എഴുതിത്തയാറാക്കിയ പ്രാർഥനകളും വിചിന്തനങ്ങളും വായിച്ചിരുന്നു.
2016 മുതൽ 2025 വരെ വിശുദ്ധ നാടിന്റെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന ഫ്രാൻസിസ്കൻ വൈദികന് ഫാ. ഫ്രാൻസെസ്കോ പാറ്റനാണ് ഇത്തവണത്തെ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലെയും ധ്യാനചിന്തകള്‍ തയാറാക്കിയിരിക്കുന്നത്. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ഥനയില്‍ നൂറുകണക്കിനാളുകളാണ് ഓരോ വര്‍ഷവും പങ്കുചേരുന്നത്.
ലക്ഷക്കണക്കിന് ആളുകള്‍ ടെലിവിഷനിലൂടെയും യുട്യൂബിലൂടെയും തത്സമയം പങ്കുചേരുകയും ചെയ്യുന്നു. ഇന്നു പ്രാദേശികസമയം വൈകുന്നേരം 9.15നാണ് കൊളോസിയത്തിനു ചുറ്റും കുരിശിന്റെ വഴി നടക്കുന്നത്.
ഈശോമിശിഹായുടെ പീഡാനുഭവത്തെയും ആദ്യകാല ക്രിസ്തീയ രക്തസാക്ഷികളെയും ആദരിക്കുന്നതിനായി 1756ൽ ബനഡിക്ട് പതിനാലാമൻ മാർപാപ്പയാണ് കൊളോസിയത്തെ പ്രത്യേകം സമർപ്പിച്ചത്. തുടർന്ന് ഏകദേശം 100 വർഷക്കാലം ഇവിടെ കുരിശിന്റെ വഴി ചൊല്ലി പ്രാർഥിച്ചിരുന്നു. പിന്നീട്, താത്കാലികമായി നിര്‍ത്തി.
വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയാണ് പാരമ്പര്യം പുനരുജ്ജീവിപ്പിച്ചത്. ഇതിനുശേഷം വിശുദ്ധ പോൾ ആറാമൻ മാർപാപ്പ റോമിൽ ദുഃഖവെള്ളിയാഴ്ചയോടനുബന്ധിച്ചുള്ള പതിവ് ശുശ്രൂഷയാക്കി ഇതിനെ മാറ്റുകയായിരുന്നു.
1985ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ദുഃഖവെള്ളിയാഴ്ച റോമില്‍ നടക്കുന്ന കുരിശിന്റെ വഴിയിലെ വിചിന്തനം എഴുതുന്നത് വ്യത്യസ്ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൈമാറുന്ന പതിവ് ആരംഭിച്ചു.
International
വത്തിക്കാന്‍ സിറ്റി: വത്തിക്കാൻ കാര്യാലയത്തിലേക്ക് ഇന്ത്യയിൽനിന്നുള്ള അല്മായ വനിതയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
മുംബൈ സ്വദേശിനിയായ അല്മായ വനിതാനേതാവ് ക്രിസ്റ്റീൻ നഥാനെയാണു സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യാലയത്തിൽ അംഗമായി നിയമിച്ചിരിക്കുന്നത്.
നിലവിൽ ഇന്റർനാഷണൽ കാത്തലിക് മൈഗ്രേഷൻ കമ്മീഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് ക്രിസ്റ്റീൻ നഥാൻ. നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ച ക്രിസ്റ്റീൻ, തന്നിൽ അർപ്പിച്ച വിശ്വാസത്തിന് മാർപാപ്പയ്ക്കു നന്ദി പറയുകയാണെന്നും അഗാധമായ ബഹുമാനത്തോടെ നിയമനം സ്വീകരിക്കുകയാണെന്നും പറഞ്ഞു.
മുംബൈ സർവകലാശാലയിൽനിന്നു സോഷ്യോളജി, സൈക്കോളജി പഠനം നടത്തിയ അവര്‍ മുംബൈയിലെ ഗവ. ലോ കോളജിൽനിന്നു നിയമപഠനവും പൂര്‍ത്തിയാക്കി.
നീതിക്കും മാനുഷിക അന്തസിനും വേണ്ടി ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തികൂടിയാണ് ക്രിസ്റ്റീൻ. 2006 മുതൽ 2014 വരെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ തൊഴിലാളി വിദ്യാഭ്യാസത്തിനായുള്ള റീജണൽ വിദഗ്ധയായും സേവനമനുഷ്ഠിച്ചിരുന്നു.
International
വത്തിക്കാൻ സിറ്റി: സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവും ലെറ്റീഷ്യ രാജ്ഞിയും ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു.
റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയുടെ (മരിയ മജോരെ) പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ രാജദന്പതികൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിദേശകാര്യബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് ഗല്ലഗർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പ്രാദേശികവും അന്താരാഷ്ട്രീയവുമായ കാര്യങ്ങൾ ചർച്ചാവിഷയമായെന്നും ലോകത്തു സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള നിരന്തര ശ്രമത്തിന്റെ ആവശ്യം എടുത്തുകാണിക്കപ്പെട്ടുവെന്നും വത്തിക്കാൻ അറിയിച്ചു.
നൂറ്റാണ്ടുകളായി തുടരുന്ന പതിവനുസരിച്ച് റോമിലെ നാല് മേജർ ബസിലിക്കകളിലൊന്നായ പരിശുദ്ധ കന്യകാമാതാവിന്റെ വലിയപള്ളിയിൽ ആർച്ച് പ്രീസ്റ്റ് കർദിനാൾ റൊളാന്താസ് മക്റികാസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ ഫിലിപ്പ് രാജാവ് പള്ളിയുടെ പ്രോട്ടോ കാനൻ സ്ഥാനം ഏറ്റെടുത്തു.
പള്ളിയിലെത്തിയ രാജകുടുംബം ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി പ്രാർഥിക്കുകയും ചെയ്തു.
റോമിലെ പരിശുദ്ധ കന്യകാമാതാവിന്റെ വലിയപള്ളിയും സ്പെയിൻ രാജകുടുംബവും തമ്മിലുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശക്തമായ ബന്ധമാണ്.
അലക്സാണ്ടർ ആറാമൻ മാർപാപ്പയുടെ ആഗ്രഹപ്രകാരം ബസിലിക്കയുടെ തടികൊണ്ടുള്ള മേൽത്തട്ട് പൊതിയാനായി ഉപയോഗിക്കപ്പെട്ട സ്വർണം, അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്ന് സ്പാനിഷ് പരമാധികാരികൾ കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു.
കത്തോലിക്കാ വിശ്വാസം പുലർത്തുന്ന സ്പെയിനിന്റെ രാജാവിന് 73 വര്‍ഷം മുന്‍പ് ലഭിച്ച പ്രത്യേക അധികാരമാണ് പള്ളിയുടെ പ്രോട്ടോ കാനൻ പദവി. 1953 ഓഗസ്റ്റ് അഞ്ചിന് പന്ത്രണ്ടാം പിയൂസ് പാപ്പ നൽകിയ ബൂള വഴിയാണ് പ്രത്യേക അധികാരം നല്‍കിയത്.
International
വത്തിക്കാൻ സിറ്റി: തുടരുന്ന ഭീകരാക്രമണങ്ങൾക്കിടയിൽ രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുമുന്നിൽ വിവരിച്ച് നൈജീരിയൻ മെത്രാന്മാർ.
ആദ്ലിമ്ന സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ മെത്രാന്മാർ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്തെ നിലവിലുള്ള അവസ്ഥ വിശദീകരിച്ചു.
നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥ ആശങ്കാജനകമാണെന്ന് കർദിനാൾ പീറ്റർ ഒക്പലെകെ പറഞ്ഞു. ഫെഡറൽ ഭരണഘടനയിൽ നൈജീരിയൻ ക്രൈസ്തവര്‍ വിവേചനം നേരിടുന്നുവെന്ന് ഒവേരിയിലെ ആർച്ച് ബിഷപ് ലൂഷ്യയസ് ഇവെജുരു ഉഗോർജിയും ചൂണ്ടിക്കാട്ടി.
ഭരണഘടന പരിശോധിക്കുമ്പോൾ, അത് ഇസ്ലാമിന് അനുകൂലമായി ഒരു വശത്തേക്ക് മാറിയിരിക്കുന്നത് കാണാൻ കഴിയും. ക്രൈസ്തവർ പലപ്പോഴും ഒഴിവാക്കപ്പെടുന്നു.
ഫുലാനി തീവ്രവാദികള്‍ നിരവധി സമൂഹങ്ങളെ പിഴുതെറിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ കഴിവില്ലായ്മയോ നടപടിയെടുക്കാൻ തയാറാകാത്തതോ കാരണം ഈ തീവ്രവാദ ഗ്രൂപ്പുകൾ അഴിഞ്ഞാടുകയാണെന്നും ആർച്ച്ബിഷപ് ലൂഷ്യയസ് കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ജനങ്ങളുടെ നിലവിളി മാർപാപ്പയ്ക്കു മുന്നില്‍ അവതരിപ്പിക്കാനും രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന സാഹചര്യത്തെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരിൽനിന്നുള്ള തെറ്റായ വിവരണങ്ങളെ ചെറുക്കാനുമുള്ള അവസരമായാണ് നൈജീരിയൻ ബിഷപ്പുമാർ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്.
തങ്ങളുടെ സന്ദർശനം ലെയോ മാർപാപ്പയുമായുള്ള പുത്രബന്ധത്തിന്റെ പ്രകടനമാണെന്നും തങ്ങളുടെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിശ്വാസം മാർപാപ്പയ്ക്കു മുന്നില്‍ സ്ഥിരീകരിക്കാനുള്ള അവസരമാണെന്നും നൈജീരിയൻ ബിഷപ്പുമാർ പറഞ്ഞു.
ലോകത്തു ക്രൈസ്തവർക്കെതിരേ നടക്കുന്ന കൊലപാതകങ്ങളുടെ 72ശതമാനവും നൈജീരിയയിലാണെന്നാണ് ഓപ്പൺ ഡോർസിന്റെ 2026ലെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
International
വത്തിക്കാൻ സിറ്റി: യുദ്ധവാർത്തകൾ കേവലം വീഡിയോ ഗെയിമാക്കി മാറ്റരുതെന്നും ഇരകളുടെ ദുരിതവും യുദ്ധത്തിന്റെ യഥാർഥ മുഖവും ലോകത്തെ അറിയിക്കാൻ മാധ്യമപ്രവർത്തകർ തയാറാകണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
ഇറ്റലിയിലെ റായി ടെലിവിഷൻ ശൃഖലയിലെ ടിജി ദുവെ സ്ഥാപിതമായതിന്റെ 50-ാം വാർഷികത്തിൽ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
ഈ കാലഘട്ടത്തിലെ വെല്ലുവിളി നിർമിതബുദ്ധിയുടെ ആവിർഭാവമാണ്. എങ്കിലും ആത്യന്തികമായി മാർഗങ്ങളും ലക്ഷ്യങ്ങളും തമ്മിൽ വേർതിരിച്ചറിഞ്ഞുകൊണ്ട് മാനുഷികമാതൃകയനുസരിച്ച് ആശയവിനിമയം നടത്തേണ്ടതുണ്ടെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
International
വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ലെയോ പതിനാലാമൻ മാർപാപ്പ ഫോണിൽ സംസാരിച്ചു. വത്തിക്കാൻ പ്രസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
മധ്യപൂർവദേശത്തെ സംഘർഷത്തിലെ ആശങ്കാജനകമായ സംഭവവികാസങ്ങളും പലസ്തീൻ ജനതയുടെ ജീവിതസാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.
രാഷ്ട്രീയവും നയതന്ത്രപരവുമായ സംഭാഷണങ്ങളിലൂടെയും അന്താരാഷ്ട്ര നിയമങ്ങളോടുള്ള പൂർണമായ ബഹുമാനത്തിലൂടെയും ഒരു സമാധാന ഉടമ്പടി കൈവരിക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചു.
വത്തിക്കാനും പലസ്തീൻ രാജ്യവും തമ്മിലുള്ള സമഗ്ര കരാറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബർ ആറിന് മഹമ്മൂദ് അബ്ബാസ് വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി ചർച്ച നടത്തിയിരുന്നു.
ഫ്രാന്‍സിസ് മാർപാപ്പയുടെ കബറിടത്തില്‍ പുഷ്പങ്ങള്‍ അര്പ്പിച്ചതിനുശേഷമായിരുന്നു അബ്ബാസ് ലെയോ മാർപാപ്പയെ സന്ദര്‍ശിച്ചത്.
International
വത്തിക്കാൻ സിറ്റി: യുദ്ധത്തിന് ഉത്തരവാദികളായ ക്രൈസ്തവർ ആത്മപരിശോധന നടത്തണമെന്നും കുന്പസാരിക്കുന്പോൾ മനഃസാക്ഷിയെ ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
സമാധാനവും ഐക്യവും വളർത്തിയെടുക്കുന്നതിൽ അനുരഞ്ജനകൂദാശയ്ക്കു ശക്തിയുണ്ടെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ അനുരഞ്ജന കൂദാശയുമായി ബന്ധപ്പെട്ടുള്ള സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വൈദികരെയും വൈദികവിദ്യാർഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
സായുധ സംഘട്ടനങ്ങളിൽ ഗൗരവതരമായ ഉത്തരവാദിത്വം വഹിക്കുന്ന ക്രൈസ്തവർക്കു മനഃസാക്ഷിയെ ഗൗരവമായി പരിശോധിച്ച് കുമ്പസാരിക്കാനുള്ള എളിമയും ധൈര്യവും ഉണ്ടോയെന്ന് ആരെങ്കിലും ചോദിച്ചേക്കാം. ദൈവവുമായുള്ള ഐക്യം പുനഃസ്ഥാപിക്കുകയും വിശുദ്ധീകരിച്ചു കൃപ നിറയ്ക്കുകയും ചെയ്യുന്നതിനാൽ അനുരഞ്ജന കൂദാശ ഒരു "ഐക്യത്തിന്റെ ലബോറട്ടറി' യായി വർത്തിക്കുന്നു. കൂടാതെ, അനുരഞ്ജന കൂദാശ നമ്മെ പരസ്പര ഐക്യത്തോടെയും സഭയുമായും ചേർന്നും ജീവിക്കാൻ പഠിപ്പിക്കുന്നു. അനുരഞ്ജനമുള്ള ഒരാൾക്കു മാത്രമേ നിരായുധനായി ജീവിക്കാൻ കഴിയൂ.
അഭിമാനത്തിന്റെ ആയുധങ്ങൾ താഴെ വച്ച് ദൈവത്തിന്റെ ക്ഷമയാൽ ജീവിതം നവീകരിക്കുന്ന ക്രൈസ്തവർ പിന്നീട് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനുരഞ്ജനത്തിന്റെ വക്താക്കളായി മാറുന്നു. അതേസമയംതന്നെ, ദൈവവുമായി അനുരഞ്ജനത്തിലായ ആളുകൾ അനിയന്ത്രിതമായ ഉപഭോഗസംസ്കാരത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത വാഗ്ദാനങ്ങളും സത്യത്തിൽനിന്നു വേർപെട്ട സ്വാതന്ത്ര്യത്തിന്റെ നിരാശാജനകമായ അനുഭവവും കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയുകയും ചെയ്യുന്നു.
വർഷത്തിൽ ഒരിക്കലെങ്കിലും അനുരഞ്ജന കൂദാശ സ്വീകരിക്കണമെന്നാണു സഭ നമ്മെ പഠിപ്പിക്കുന്നത്. എന്നിരുന്നാലും, കർത്താവിന്റെ ദാനം സ്വീകരിക്കുന്നതിനായി വിശ്വാസത്തിന്റെയും ഹൃദയത്തിന്റെയും ലാളിത്യത്തോടെ സഭയുടെ കാരുണ്യത്തിന്റെ അനന്തമായ നിധിയായ കുമ്പസാരക്കൂടിനെ സമീപിക്കുന്നതിൽ പലരും പലപ്പോഴും പരാജയപ്പെടുന്നു -മാർപാപ്പ പറഞ്ഞു.
അനുരഞ്ജന കൂദാശയിലൂടെ ദൈവികകരുണ വാഗ്ദാനം ചെയ്യുകവഴി വലിയ ഉത്തരവാദിത്വമാണ് കുന്പസാരക്കാരായ വൈദികർക്കും ഭാവി വൈദികർക്കുമുള്ളതെന്നും മാർപാപ്പ ഓർമിപ്പിച്ചു. കുന്പസാരമെന്ന കൂദാശ ഒരു വ്യക്തിയെ പരിവർത്തനത്തിനു വിധേയമാക്കുന്പോൾ അത് സഭയ്ക്കുതന്നെ ശക്തി പകരുകയും പുതിയ ഊർജം നൽകുകയും ചെയ്യുന്നു.
കുമ്പസാരക്കൂട്ടിൽ വിശുദ്ധരായി മാറിയ വിശുദ്ധ ജോൺ മരിയ വിയാനി, വിശുദ്ധ ലിയോപോൾദ് മാൻഡിക്, വിശുദ്ധ പാദ്രെ പിയോ, വാഴ്ത്തപ്പെട്ട മൈക്കൽ സോപോക്കോ തുടങ്ങിയവരുടെ കാര്യവും മാർപാപ്പ ചൂണ്ടിക്കാട്ടി. പാപമോചനത്തിന്റെ കൂദാശ വിശ്വസ്തതയോടെ നിർവഹിക്കാനും അതുവഴി ദൈവികകരുണയുടെ ശുശ്രൂഷകരാകാനും വൈദികരെയും വൈദികവിദ്യാർഥികളെയും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
International
വത്തിക്കാൻ സിറ്റി: ലബനനിൽ ഇസ്രേലി സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മാറോണൈറ്റ് കത്തോലിക്കാ വൈദികൻ ഫാ. പിയറി എൽറാഹിയുടെ ആത്മശാന്തിക്കുവേണ്ടി പ്രാർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
നല്ലിടയനായ ഈശോമിശിഹായുടെ സ്നേഹവും ത്യാഗവും സ്വീകരിച്ച് എപ്പോഴും തന്റെ ജനത്തോടൊപ്പം നിന്ന ഒരു യഥാർഥ ഇടയനായിരുന്നു ഫാ. പിയറിയെന്ന് മാർപാപ്പ അനുസ്മരിച്ചു.
അദ്ദേഹം ചൊരിഞ്ഞ രക്തം പ്രിയപ്പെട്ട ലബനനിൽ സമാധാനത്തിന്റെ വിത്തു പാകട്ടെയെന്നു പ്രാർഥിക്കുന്നതായും മാർപാപ്പ പറഞ്ഞു. ബോംബാക്രമണത്തിൽ തന്റെ ചില ഇടവകാംഗങ്ങൾക്കു പരിക്കേറ്റതായുള്ള വിവരമറിഞ്ഞ് മറ്റൊന്നും ചിന്തിക്കാതെ അവരെ സഹായിക്കാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹമെന്നും മാർപാപ്പ അനുസ്മരിച്ചു.
മധ്യപൂർവേഷ്യയിൽ നിരവധി ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ശത്രുതകളും അവസാനിപ്പിക്കാൻ മാർപാപ്പ പ്രാർഥിക്കുന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് ടെലിഗ്രാം ചാനൽ വഴി അറിയിച്ചു. ഇരകളാക്കപ്പെടുന്ന എല്ലാവർക്കും, പ്രത്യേകമായി നിഷ്കളങ്കരായ കുട്ടികൾക്കും വേണ്ടി മാർപാപ്പ തന്റെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.
തെക്കൻ ലബനനിലെ ക്ലായയിലെ ഇടവക വികാരിയായ ഫാ. പിയറി എൽറാഹി (50) കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ബോംബാക്രമണത്തിലാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭൗതികദേഹം നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തിൽ ഇന്നലെ ഇടവക ദേവാലയത്തിൽ സംസ്കരിച്ചു.
International
വത്തിക്കാൻ സിറ്റി: കത്തോലിക്കാരാജ്യമായ മൊണാക്കോയിലേക്ക് ലെയോ പതിനാലാമൻ മാർപാപ്പ ഈമാസം 28ന് നടത്താനിരിക്കുന്ന അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും മറ്റു വിവരങ്ങളും വത്തിക്കാൻ പുറത്തുവിട്ടു. മാർപാപ്പയുടെ ഈ വർഷത്തെ ആദ്യ വിദേശ യാത്രയാണിത്.
ഒന്‍പത് മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന സന്ദർശനവേളയിൽ ആൽബർട്ട് രാജകുമാരനുമായും കത്തോലിക്കാ സമൂഹവുമായും മാർപാപ്പ കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന് ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും.
വത്തിക്കാനിൽനിന്ന് 28നു രാവിലെ ഏഴിന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന മാർപാപ്പ ഏകദേശം ഒമ്പതോടെ മൊണാക്കോയിൽ എത്തിച്ചേരും.
രാജകൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം നടക്കും. തുടർന്ന് വിവിധ കൂടിക്കാഴ്ചകൾക്കുശേഷം ഉച്ചകഴിഞ്ഞാണ് വിശുദ്ധ കുർബാനയർപ്പിക്കുക. പ്രാദേശിക സമയം വൈകുന്നേരം 5.45ന് വത്തിക്കാനിലേക്ക് മടങ്ങും.
International
വത്തിക്കാൻ സിറ്റി: അക്രമവും വിഭാഗീയതയും വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
വിചാരിച്ചാൽ എല്ലാവർക്കും സമാധാനം സൃഷ്ടിക്കാനാകുമെന്നും റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി തോറ വേക്കിയായിലെ സെന്റ് മേരീസ് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു നൽകിയ വചനസന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സുഹൃത്തുക്കളുമായി അനുരഞ്ജനം നടത്താനും ഭീഷണിപ്പെടുത്തലും എല്ലാത്തരം അക്രമവും വിദ്വേഷവും നിരസിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ കുർബാനയ്ക്കുശേഷം മാർപാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
മാമ്മോദീസയിലൂടെ നമുക്കെല്ലാവർക്കും ഒരു പുതിയ ജലത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. അത് എല്ലാ കുറ്റങ്ങളും കഴുകിക്കളയുകയും എല്ലാ ദാഹവും ശമിപ്പിക്കുകയും ചെയ്യുന്നു. ഈ നോമ്പുകാലത്ത് ഈ കൂദാശയുടെ കൃപ വീണ്ടും ഊട്ടിയുറപ്പിക്കാം-മാർപാപ്പ പറഞ്ഞു.
ഞായറാഴ്ച വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേ സമാധാനത്തിനായി പ്രാർഥിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയിൽനിന്നു വരുന്ന വാർത്തകൾ ഏറെ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നും ഈ സംഘർഷങ്ങൾ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുമോയെന്ന ഭയം ഏവരെയും പരിഭ്രാന്തിയിലാഴ്ത്തുന്നുവെന്നും മാർപാപ്പ പറഞ്ഞു. ഇത് ലബനൻ ഉൾപ്പെടെ മേഖലയിലെ മറ്റു രാജ്യങ്ങളെ വീണ്ടും അസ്ഥിരതയിലേക്ക് നയിക്കുമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ അടുത്ത മാസം പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയും ഏപ്രിലിൽ ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വാറ്റോറിയൽ ഗിനിയ എന്നിവയും സന്ദർശിക്കും.
ജൂണിൽ സ്പെയിൻ സന്ദർശിക്കുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
മാർച്ച് 28നാണ് മൊണാക്കോ സന്ദർശനം. രാജകുടുംബത്തിന്റെ ആവർത്തിച്ചുള്ള ക്ഷണം സ്വീകരിച്ചാണു ഇവിടേക്കുള്ള സന്ദർശനം. വത്തിക്കാൻ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ചെറിയ രാജ്യമാണു മൊണാക്കോ.
ഏപ്രിൽ 13 മുതൽ 23 വരെ പത്തു ദിവസം നീളുന്നതാണ് ആഫ്രിക്കൻ സന്ദർശനം. മുസ്ലിം രാജ്യമായ അൾജീരിയയിലെ അൾജിയേഴ്സിൽ 13ന് എത്തുന്ന മാർപാപ്പ അന്നബ നഗരമുൾപ്പെടെ സന്ദർശിച്ച് 15ന് മടങ്ങും. തുടർന്ന് മധ്യ ആഫ്രിക്കയിലെ കാമറൂണിലെത്തുന്ന മാർപാപ്പ 18വരെ രാജ്യത്തുണ്ടാകും.
യൗണ്ടെ, ബമെൻഡ, ഡൗവാല എന്നിവിടങ്ങളിലാണു സന്ദർശനം. 18ന് അംഗോളയിലെത്തുന്ന മാർപാപ്പ 21വരെയുള്ള രാജ്യത്തുണ്ടാകും. ലുവാണ്ട, മുക്സിമ, സൗറിമോ നഗരങ്ങളിലാണ് സന്ദർശനം. 21ന് ഇക്വാറ്റോറിയൽ ഗിനിയയിലെത്തുന്ന മാർപാപ്പ 23വരെയുള്ള സന്ദർശനകാലളവിൽ മലബോ, മോംഗോമോ, ബാറ്റ നഗരങ്ങളിലെത്തും.
ജൂൺ ആറുമുതൽ 12 വരെയാണ് സ്പെയിൻ സന്ദർശനം. തലസ്ഥാനമായ മാഡ്രിഡിലെത്തുന്ന മാർപാപ്പ ബാഴ്സലോണയുൾപ്പെടെയുള്ള നഗരങ്ങളും കാനറി ദ്വീപുകളിലെ ടെനെരിഫെ, ഗ്രാൻ കനാരിയ നഗരങ്ങളും സന്ദർശിക്കും. ബാഴ്സലോണയിലെ സാഗ്രദ ഫമിലിയ ബസിലിക്കയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ഗോപുരത്തിന്റെ വെഞ്ചരിപ്പും മാർപാപ്പ നിർവഹിക്കും.
International
വത്തിക്കാൻസിറ്റി: റോം അതിരൂപതയ്ക്ക് നാല് സഹായമെത്രാൻമാരെ അതിരൂപതയുടെ മെത്രാൻകൂടിയായ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
ഇടവകവികാരിമാരായ ഫാ. സ്റ്റെഫാനോ സ്പാരാപാനി, ഫാ. അലെസാന്ദ്രോ സെനൊബി, ഫാ. ആൻഡ്രിയ കാർലെവാലെ, ഫാ. മാർക്കോ വാലെന്റി എന്നിവരാണു സഹായമെത്രാന്മാർ.
International
വത്തിക്കാന്‍ സിറ്റി: റഷ്യൻ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്ക് വീണ്ടും സഹായമെത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. റഷ്യൻ വ്യോമാക്രമണങ്ങൾ കനത്ത നാശം വിതച്ച സാപ്പോറിഷ്യ മേഖലയിലേക്കാണ് ആയിരത്തിലധികം ഇലക്ട്രിക് ഹീറ്ററുകൾ അടങ്ങിയ സഹായം മാർപാപ്പ അയച്ചത്.
മാർപാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദിനാൾ കോൺറാഡ് ക്രായവിസ്കിയുടെ നേതൃത്വത്തിലുള്ള ഓഫീസ് അയച്ച വസ്തുക്കളില്‍ പത്തു ലക്ഷം യൂറോയുടെ അവശ്യമരുന്നുകളും ഉള്‍പ്പെടുന്നു. ഫോണ്ടാസിയോൺ ബാൻകോ ഫാർമസ്യൂട്ടിക്കോ കമ്പനിയാണ് മരുന്നുകള്‍ വത്തിക്കാനു ലഭ്യമാക്കിയത്.
അതിശൈത്യം രൂക്ഷമായ യുക്രെയ്നില്‍ റഷ്യൻ വ്യോമാക്രമണത്തെത്തുടർന്ന് അടിസ്ഥാന ഊർജ സൗകര്യങ്ങൾ തകർന്നതിനാൽ ഖാർകീവ്, സാപ്പോറിഷ്യ മേഖലകളില്‍ എണ്ണൂറിലധികം കുടുംബങ്ങൾ വലിയ ദുരിതമനുഭവിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൂട് ലഭ്യമാക്കുന്ന ഹീറ്ററുകൾ എത്തിച്ചത്.
രണ്ടാഴ്ച മുന്‍പ് ഊർജ പ്രതിസന്ധിയെ മറികടക്കാന്‍ മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി 80 വൈദ്യുതി ജനറേറ്ററുകളും മരുന്നുകളും അവശ്യവസ്തുക്കളും മൂന്നു ട്രക്കുകളിലായി യുക്രെയ്നിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിരുന്നു.
യുദ്ധം നാലാം വർഷത്തിലേക്കു പ്രവേശിച്ചതോടെ യുക്രെയ്ൻ ജനത അതീവദുരിതത്തിലാണ്. നൂറുകണക്കിന് വീടുകൾ ആക്രമണത്തിൽ തകർന്നു. പല കുടുംബങ്ങളും ഛിന്നഭിന്നമായി. ജീവനുവേണ്ടി പലായനം ചെയ്യുന്ന സാധാരണക്കാരുടെ കാഴ്ചയാണ് എങ്ങും.
പുരുഷന്മാരെല്ലാം യുദ്ധമുന്നണിയിലായതിനാൽ വീടുകളിൽ സ്ത്രീകളും കുട്ടികളും നരകയാതന അനുഭവിക്കുന്നു. യുദ്ധമുന്നണിയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഏറിയതോടെ നിരവധി കുടുംബങ്ങളാണ് അനാഥമായിരിക്കുന്നത്.
International
വത്തിക്കാൻ സിറ്റി: സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് മനുഷ്യജീവനും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി നാം സമയവും വിഭവങ്ങളും സമർപ്പിക്കണമെന്നും പൊതുനന്മയെക്കുറിച്ചുള്ള നമ്മുടെ ധാരണ ശക്തിപ്പെടുത്തി അസമത്വങ്ങൾ പരിഹരിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്ലീനറി അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുനിർമിതികൾ ആക്രമിക്കുന്ന യുദ്ധങ്ങളെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. ജീവനും പൊതുജനാരോഗ്യത്തിനും നേരേ മനുഷ്യർക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും ഗുരുതരമായ ആക്രമണങ്ങളാണിവ. സംഘർഷങ്ങളാൽ തകർന്ന ഒരു ലോകത്ത്, ആയുധങ്ങളുടെയും മറ്റു തരത്തിലുള്ള സൈനിക ഉപകരണങ്ങളുടെയും നിർമാണത്തിനായി വൻതോതിലുള്ള സാമ്പത്തിക, സാങ്കേതിക, സംഘടനാവിഭവങ്ങൾ ഉപയോഗിക്കുന്നു.
പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഉണ്ടെങ്കിലും എല്ലാ ജീവനും ഒരുപോലെ ബഹുമാനിക്കപ്പെടുന്നില്ല. എല്ലാവർക്കും ആരോഗ്യം ഒരേ രീതിയിൽ സംരക്ഷിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല.
വിവിധ രാജ്യങ്ങളിലെയും സാമൂഹിക ഗ്രൂപ്പുകളിലെയും ആയുർദൈർഘ്യവും ആരോഗ്യനിലവാരവും പരിശോധിച്ചാൽ വലിയ അസമത്വങ്ങൾ കാണാൻ ക ഴിയും-മാർപാപ്പ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. തിരുവചനത്തിന് ചെവികൊടുത്തുകൊണ്ടും ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും നോന്പുകാലം ഫലപ്രദമാക്കണമെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു. ശ്രവിക്കുക, ഉപവാസമനുഷ്ഠിക്കുക, കൂട്ടായ്മയിൽ ജീവിക്കുക എന്നിങ്ങനെയുള്ള നോമ്പുകാല ചൈതന്യങ്ങളെ മാർപാപ്പ തന്റെ നോന്പുകാല സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി.
ഇത്തവണ നോമ്പുകാലത്ത് തിരുവചനം വായിക്കുവാനും ശ്രവിക്കുവാനും മാർപാപ്പ ഏവരെയും ക്ഷണിച്ചു. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ് ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭം.
യാഥാർഥ്യങ്ങളെ തിരിച്ചറിയുവാനും വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ നമ്മെ കടന്നുപോകുന്ന നിരവധി ശബ്ദങ്ങളിൽ തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്ന സ്വരം തിരിച്ചറിയുവാൻ ഈ ശ്രവണം നമ്മെ സഹായിക്കുമെന്നും മാർപാപ്പ പറഞ്ഞു.
നോമ്പ് ശ്രവിക്കുവാനുള്ള സമയമാണെങ്കിൽ ദൈവവചനത്തെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു മൂർത്തമായ പ്രവർത്തനമാണ് ഉപവാസം. പുരാതനവും പകരം വയ്ക്കാനാകാത്തതുമായ ആത്മീയവ്യായാമമാണിത്. നമ്മുടെ നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമെന്നു നാം കരുതുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ ബോധ്യമുള്ളവരാകുവാൻ ഇതു നമ്മെ സഹായിക്കും.
ഉപവാസം ഭക്ഷണസാധങ്ങൾ ഉപേക്ഷിക്കുന്നതു മാത്രമല്ല. അയൽക്കാരനെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാക്കുകൾ ഉപേക്ഷിക്കണം. കുടുംബത്തിൽ, സുഹൃത്തുക്കൾക്കിടയിൽ, ജോലിസ്ഥലത്ത്, സമൂഹമാധ്യമങ്ങളിൽ , രാഷ്ട്രീയ സംവാദങ്ങളിൽ, മാധ്യമങ്ങളിൽ, ക്രിസ്തീയ സമൂഹങ്ങളിൽ അപവാദങ്ങൾക്കു പകരം വാക്കുകൾ അളന്ന് ഉപയോഗിക്കുവാനും ദയാപൂർവമായ പെരുമാറ്റം വളർത്തിയെടുക്കുവാനും സാധിക്കണം-മാർപാപ്പ പറഞ്ഞു.
നോമ്പുകാലം കൂട്ടായ്മയുടെ ചൈതന്യം നമ്മുടെ ജീവിതങ്ങളിൽ പ്രതിഫലിപ്പിക്കുന്നുവെന്നു പറഞ്ഞ മാർപാപ്പ, ഇടവകകൾ, കുടുംബങ്ങൾ, സഭാകൂട്ടായ്മകൾ, മതസമൂഹങ്ങൾ എന്നിവ നോമ്പുകാലത്ത് പങ്കുവയ്ക്കലിന്റെ യാത്ര നടത്തണമെന്നും ഓർമിപ്പിച്ചു. കഷ്ടപ്പെടുന്നവരുടെ നിലവിളി സ്വാഗതം ചെയ്യപ്പെടുകയും കേൾക്കുകയും ചെയ്യുന്ന സ്ഥലങ്ങളായി നമ്മുടെ സമൂഹങ്ങൾ മാറാൻ ഏവരും പ്രതിജ്ഞാബദ്ധരാകണമെന്നും മാർപാപ്പ ഏവരെയും ആഹ്വാനം ചെയ്തു.
International
വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതിയും ശീതകാലദുരിതവും പേറുന്ന യുക്രെയ്ൻ ജനതയ്ക്ക് സഹായമെത്തിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം മുഖേന 80 വൈദ്യുതി ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ രാജ്യത്തേക്ക് എത്തിച്ചു.
റോമിലെ യുക്രേനിയൻ പള്ളിയായ ഹാഗിയ സോഫിയ ബസിലിക്കയിൽനിന്ന് മൂന്നു കൂറ്റൻ ട്രക്കുകളിലാണ് സാധനങ്ങൾ അയച്ചത്. ഇവ തലസ്ഥാനമായ കീവ്, ഫാസ്റ്റിവ് നഗരങ്ങളിൽ എത്തിച്ചു. ഇവിടെനിന്നു ഇടവകകൾ മുഖേനയാണ് ദുരിതബാധിതർക്കു വിതരണം ചെയ്യുക.
ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററികൾ, ആന്റിഹൈപ്പർടെൻസീവ് മരുന്നുകൾ, വിവിധ സാധനങ്ങൾ എന്നിവ നിറച്ച മറ്റൊരു ട്രക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് മാർപാപ്പയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയുടെ ബോംബാക്രമണത്തിൽ യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ വൈദ്യുതിബന്ധം പാടെ നിലച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ ജനങ്ങള്‍ കടുത്ത ശൈത്യത്തില്‍ വലിയ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഇടപെടൽ.
തലസ്ഥാനമായ കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലും തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങൾ അവിടുത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി തടസപ്പെട്ടതോടെ അതിശൈത്യം ജനജീവിതത്തെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കുട്ടികളും വൃദ്ധരുമാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം പലതവണ വത്തിക്കാനിൽനിന്ന് യുക്രെയ്നിലേക്ക് ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബർ 28നും മൂന്നു ട്രക്കുകളിലായി ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാർപാപ്പ യുക്രെയ്നിലേക്ക് അയച്ചിരുന്നു.
International
വത്തിക്കാന്‍ സിറ്റി: രാജ്യത്ത് അരങ്ങേറുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നൈജീരിയന്‍ ജനതയോട് പ്രാർഥനാപൂർവമായ സാമീപ്യം പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഓരോ പൗരന്റെയും സംരക്ഷണം ഉറപ്പാക്കാൻ അധികാരികള്‍ ശ്രമിക്കണമെന്നു മാർപാപ്പ ഭരണാധികാരികളോട് ആഹ്വാനം ചെയ്തു.
നൈജീരിയയിലെ വിവിധ സമൂഹങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങളിൽ നിരവധി പേര്‍ക്കു ജീവൻ നഷ്ടപ്പെട്ടതു ദുഃഖത്തോടും ആശങ്കയോടും കൂടിയാണ് അറിഞ്ഞതെന്നും അക്രമത്തിനും ഭീകരതയ്ക്കും ഇരയായ എല്ലാവരോടും പ്രാർഥനാപൂർവമായ സാമീപ്യം പ്രകടിപ്പിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു.
കടുന, നൈജർ എന്നിവയുൾപ്പെടെ നിരവധി നൈജീരിയൻ സംസ്ഥാനങ്ങളിൽ സമീപദിവസങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണങ്ങൾ നടത്തിയിരുന്നു.
International
വത്തിക്കാൻ സിറ്റി: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരം.
20-ാം നൂറ്റാണ്ടിൽ സഭയിലും ലോകത്തും സുവിശേഷവത്കരണത്തിന്റെ ഏറ്റവും വലിയ ശബ്ദങ്ങളിൽ ഒരാളായിരുന്നു ആർച്ച്ബിഷപ് ഫുൾട്ടൺ ഷീൻ.
1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിന്റെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
1895ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ 24-ാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. 1951ല്‍ ന്യൂയോര്‍ക്കിലെ സഹായമെത്രാനായി നിയമിതനായി. 1966ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷത്തിനുശേഷം ആര്‍ച്ച്ബിഷപ്പായി.
1979ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ചാണ് അദ്ദേഹം ദിവംഗതനായത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണതകൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്കു നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്റെ നാമകരണ നടപടികള്‍ക്ക് 2002ലാണ് തുടക്കമായത്.
International
വത്തിക്കാൻ സിറ്റി: അമേരിക്കയും റഷ്യയും തമ്മിലുള്ള അണ്വായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അഭ്യർഥന. ആയുധമത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.
“ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ സ്റ്റാർട്ട് പുതുക്കാൻ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കൾ സന്നദ്ധമാകണം. ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാർമികത സ്ഥാപിക്കേണ്ടത് മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമാണ്”-മാർപാപ്പ പറഞ്ഞു.
യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന യുക്രെയ്നിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. “ശീതകാലസമയത്തും അവിടുത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരേ റഷ്യൻ ബോംബാക്രമണങ്ങൾ തുടരുകയാണ്. അതിശൈത്യമായതിനാൽ അതു നേരിടാൻ വൈദ്യുതിയില്ലാതെ അവിടുത്തെ ജനങ്ങൾ, പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും വലയുകയാണ്. യുക്രെയ്ൻ ജനതയെ സഹായിക്കുന്ന പോളണ്ടിലെ കത്തോലിക്കാ രൂപതകൾക്കും മറ്റു രാജ്യങ്ങൾക്കും നന്ദിയുണ്ട് -”മാർപാപ്പ പറഞ്ഞു.
2010ൽ പ്രേഗിൽ യുഎസും റഷ്യയും ഒപ്പുവച്ച കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കരാർ പുതുക്കിയില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇത് ആയുധമത്സരം വർധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാർപാപ്പയുടെ ആഹ്വാനം.
കരാർ നീട്ടാൻ കൂടിയാലോചന
വാഷിംഗ്ടൺ: ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ യുഎസുമായുള്ള റഷ്യയുടെ ആണവായുധ കരാറിന്റെ കാലാവധി അവസാനിച്ചതോടെ ഇരു രാജ്യങ്ങളും കൂടിയാലോചന തുടങ്ങിയതായി റിപ്പോർട്ട്.
കരാർ തുടരാൻ ഇരു രാജ്യങ്ങളും ആശയവിനിമയം ആരംഭിച്ചതായി യുഎസ് മാധ്യമമായ ഓക്സിയോസാണു റിപ്പോർട്ട് ചെയ്തത്. അബുദാബി കേന്ദ്രീകരിച്ച് കഴിഞ്ഞ 24 മണിക്കൂറായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ആറു മാസത്തേക്കെങ്കിലും കരാർ നീട്ടിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്. 2010ൽ ചെക് റിപ്പബ്ലിക് തലസ്ഥാനമായ പ്രേഗിൽ ഒപ്പുവച്ച ന്യൂ സ്റ്റാർട്ട് (ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാറാണ് ഇന്നലെ കാലഹരണപ്പെട്ടത്.
ഇരുകക്ഷികൾക്കും വിന്യസിക്കാവുന്ന തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന കരാറാണിത്. കരാർ നീട്ടിയില്ലെങ്കിൽ നിയന്ത്രണങ്ങളില്ലാതെ ഏത് ആണവായുധവും വിന്യസിക്കാൻ യുഎസിനും റഷ്യക്കും കഴിയും.
കരാർ അനൗപചാരികമായി ഒരു വർഷത്തേക്കുകൂടി നീട്ടാമെന്ന് സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിർദേശിച്ചിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയെ ഉൾപ്പെടുത്താതെ ന്യൂ സ്റ്റാർട്ട് കരാർ പുതുക്കാൻ താത്പര്യമില്ലെന്ന് ട്രംപ് ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സൂചന നൽകിയിട്ടുണ്ട്.
2020 തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിച്ച് പ്രസിഡന്റായ ജോ ബൈഡൻ കരാർ അഞ്ചു വർഷത്തേക്ക് നീട്ടാമെന്ന് സമ്മതിച്ചിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധത്തോടെ യുഎസ്-റഷ്യ ബന്ധം വഷളാകുകയായിരുന്നു.
ചൈനയുടെ ആണവായുധശേഖരം അതിവേഗം വളരുകയാണെങ്കിലും നിലവിൽ റഷ്യയുടെയും യുഎസിന്റെയും പരിധിക്കു താഴെയാണ്. അതേസമയം, കരാറിന്റെ കാലാവധി അവസാനിച്ചാലും റഷ്യ ജാഗ്രതയോടെ മാത്രമേ പ്രതികരിക്കൂവെന്ന് കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിംപിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.
National
ബംഗളൂരു: ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ നേരിട്ടും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മുഖേനയും ക്ഷണിച്ചതായും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സന്ദർശനത്തിന് വിപുലമായ തയാറെടുപ്പുകൾ അനിവാര്യമാണെന്നും സിബിസിഐ വാർഷിക ജനറൽ ബോഡി സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മാർ താഴത്ത് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ട്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലാണ് ആക്രമണങ്ങൾ. ഇതിലുള്ള ആശങ്ക പ്രധാനമന്ത്രിയെ അടക്കം ധരിപ്പിച്ചിട്ടുണ്ട്. പല സംഭവങ്ങളിലും നീതി നിഷേധിക്കപ്പെടുകയും നീതി വൈകുകയും ചെയ്യുന്നു. പ്രത്യാക്രമണശൈലി ക്രൈസ്തവർക്കു പരിചിതമല്ല. ശത്രുക്കളോടും ക്ഷമിക്കാനാണ് ഈശോമിശിഹാ ഉദ്ബോധിപ്പിച്ചിട്ടുള്ളത്.
സഭയ്ക്ക് ആരോടും വിദ്വേഷമോ പകയോ ഇല്ല. ഇന്ത്യക്കാരായതിൽ രാജ്യത്തെ ക്രൈസ്തവർക്ക് അഭിമാനമുണ്ട്. ദേശീയ ഐക്യത്തിനായാണു സഭ നിലകൊള്ളുന്നത്. ക്രൈസ്തവസഭ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിരവധി സംഭാവനകൾ ചെയ്തിട്ടുണ്ട്. ഇനിയും അതു തുടരും -മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയന് മാർപാപ്പയെ സന്ദർശിക്കാൻ അനുമതി ലഭിച്ചതിനോടു പ്രതികരിക്കവെ, ഇത്തരത്തിൽ ആർക്കും സന്ദർശനാനുമതി ലഭിക്കുമെന്ന് ആർച്ച്ബിഷപ് പറഞ്ഞു. കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയ പാർട്ടിയോടും മമതയില്ല. വിഷയാധിഷ്ഠിത പിന്തുണയെന്നതാണു സഭയുടെ നിലപാട്. രാജ്യനിർമാണം, ന്യൂനപക്ഷ സംരക്ഷണം, ഭരണഘടനാസംരക്ഷണം എന്നിവ ഉറപ്പുവരുത്തണമെന്നു സഭയ്ക്ക് നിലപാടുണ്ട് -മാർ താഴത്ത് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളികളെയും വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ മതപരിവർത്തന നിരോധന നിയമങ്ങളെയുംകുറിച്ചുള്ള ആശങ്കകളും സമ്മേളനം ചർച്ച ചെയ്യുമെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.